KeralaNEWS

കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടി

കോട്ടയം:മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആറംഗ സംഘത്തിലുണ്ടായിരുന്ന 5  യുവാക്കളെ പോലീസ് പിടികൂടി. കറുകച്ചാൽ സ്വദേശികളായ അറുപതിൽ ചിറയിൽ ശ്രീജിത്ത് മോഹൻ, കൂത്രപ്പള്ളി ഇഞ്ചക്കുഴിയിൽ ജിനോ സാബു, കറുകച്ചാൽ മുതുമരത്തിൽ മേൽബർട്, നെടുങ്ങാടപ്പള്ളി രണ്ടുപറയിൽ സഹോദരന്മാരായ ആൽബിൻ തോമസ്,അലക്സ് തോമസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.ആറംഗ സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ട്.
 ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണുവാനായാണ്  സംഘം മണിമല കോത്തല പടിയിൽ എത്തിയത്. പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഒരാൾ ബൈക്കിൽ കയറ്റി വെള്ളക്കൽ പാറ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ബാക്കിയുള്ളവരും പോയി. ഇത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി സംഘത്തെ പിടികൂടുകയുമായിരുന്നു.
 പോലീസ് പെൺകുട്ടിയെ അമ്മയുടെ കൂടെ പറഞ്ഞയച്ചു. ഇവർ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും കയ്യിലുള്ള കത്തികൊണ്ട് സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചു എന്നും പോലീസ് അറിയിച്ചു. മണിമല,കറുകച്ചാൽ പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതികളാണ് ഇവർ എന്നും പോലീസ് പറഞ്ഞു.

Back to top button
error: