ഗ്രാമീണ മേഖലയിൽ കേരളത്തിൽ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോർട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിൻ്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയിൽ നിർമ്മാണ തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തിൽ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.
ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണ്. നീണ്ടകാലത്തെ തൊഴിലാളിവർഗ മുന്നേറ്റത്തിൻ്റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും.