നിലപാടിലുറച്ച് സച്ചിദാനന്ദന്‍; കോണ്‍ഗ്രസ് ഭരിച്ചാലും ഞാന്‍ ഇതു പറയും; ഗുരുവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളെ പ്രീണിപ്പിക്കുന്നത് ഭൂഷണമല്ല, ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ബിജെപിയില്‍ പ്രതീക്ഷയില്ല

തൃശൂര്‍: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാര്‍ട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വര്‍ഷമായി കോണ്‍ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്.
ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാര്‍ട്ടിപോലും ആഗ്രഹിക്കാത്തവര്‍ സ്വാര്‍ഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവര്‍ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്. ജയം- തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേള്‍ക്കേണ്ടതുണ്ട്. അദൃശ്യരായവരെ ദൃശ്യരാക്കുന്നതാണു ജനാധിപത്യം. ഇതുവരെ കാണാത്തവര്‍ പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്‌വരെ എത്തുമ്പോഴാണു ജനാധിപത്യം അതിന്റെ ആത്യന്തിക അര്‍ഥം കൈവരിക്കുന്നത്.
ഒരുകാലത്ത് സായുധ വിപ്ലവത്തിലാണു വിശ്വസിച്ചത്. അതില്‍നിന്ന് ഞാന്‍ ഏറെ അകന്നിട്ടുണ്ട്. ജനാധിപത്യത്തെ എങ്ങനെ സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേരളത്തിലെ രണ്ടു മുന്നണികള്‍ ധാരണയിലെത്തിയിരുന്നെങ്കില്‍ ബിജെപിക്കു പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകുമായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക് അടിത്തട്ടിലുള്ളവരുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നില്ല. മധ്യവര്‍ഗത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
ശ്രീനാരായണ ഗുരുവിനു പിരിച്ചുവിടേണ്ടിവന്ന സംഘടനയാണ് എസ്എന്‍ഡിപി. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാളെ പ്രീണിപ്പിക്കാനാണ് മതേതര മുന്നണികള്‍ ശ്രമിക്കുന്നത്. ഗുരുവിനെക്കാള്‍ മഹാനാണ് വെള്ളാപ്പള്ളി നടേശനെന്നു പറയുന്നത് കമ്യൂണിസ്റ്റുകാരനു മാത്രമല്ല, കേരളീയനുപോലും ഭൂഷണമല്ല. ബിജെപിയെക്കുറിച്ചു പ്രതീക്ഷയില്ല. മതേതര സംഘടനകള്‍ സാമുദായാതീതമായി പ്രവര്‍ത്തിക്കണം. ന്യൂനപക്ഷത്തെ പിന്തുണയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.






