‘ ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിന്റെ പൂതി മനസ്സിൽ വെച്ചാൽമതി; തുടർഭരണം സംഭവിച്ചാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്നൊരു പ്രയോഗം തന്നെ ഇല്ലാതാകും’ – എം. വി ഗോവിന്ദൻ

കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണം കിട്ടിയാൽ ‘പാവപ്പെട്ട’ പ്രയോഗം അവസാനിക്കും. ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ പാവങ്ങൾ എന്ന പദം ഉണ്ടാവില്ല.വികസിത-അർദ്ധവികസിത രാജ്യങ്ങളിൽ കൂടുതൽ വികസനം നേടിയിട്ടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടേതെന്ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ പറയട്ടെ എന്താണ് ഉള്ളതെന്ന്. വി.ഡി. സതീശൻ്റെ ജാഥയിൽ കേരളത്തിൻ്റെ വികസനം എന്ന അജണ്ട ഇല്ല. കോലീബി- ജമാഅത്തെ സഖ്യത്തിൻ്റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവിൻ്റെ സമീപനം. രാജീവ് ചന്ദ്രശേഖരന് വർഗീയത ഇല്ലെന്ന് പറഞ്ഞ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നും പറഞ്ഞു. ഹൈക്കമാൻ്റിൻ്റെ നിലപാട് ഇതുതന്നെയാണോ?, എം.വി. ഗോവിന്ദൻ ചോദിച്ചു.
പി.വി. അൻവറിനെതിരേ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുന്നയിച്ചു. ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിൻ്റെ പൂതി മനസ്സിൽ വെച്ചാൽമതി. ബേപ്പൂരിൽ ഇടതുപക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ നെഞ്ചേറ്റും, എം.വി. ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.






