വീണിടം വിഷ്ണുലോകം എന്നപോലെ വീണിടം കോൺഗ്രസ് ലോകം : തരൂരിന് ലോകം മുഴുവൻ കോൺഗ്രസ് പോലെ : അതുകൊണ്ടാണ് പറയാനുള്ളതെല്ലാം അകത്തു പറയാതെ പുറത്ത് പറയുന്നത്: ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂര്‍: ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരന്റെ ഒളിയമ്പ്

വയനാട് : ഒളിപ്പോരിന് പേര് കേട്ട വയനാട് മലകൾക്കരികിൽ നടക്കുന്ന കോൺഗ്രസ് നേതൃ ക്യാമ്പിൽ പരസ്പരം ഒളിയമ്പുകളെയ്ത് തരൂരും മുരളിയും.
ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിൽ തിരുവനന്തപുരം എംപി ശശി തരൂര്‍ എല്ലാവരെയും ഓർമ്മിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എല്ലാം പരസ്പരം മുഖാമുഖം നോക്കി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറഞ്ഞ് മഹാത്മാഗാന്ധിയോട് ഉപമിക്കാൻ കഴിയില്ലെങ്കിലും റിബൽ ജീവിതമാണ് എന്റെ സന്ദേശം എന്ന് തരൂർ പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്.
കോൺഗ്രസിനെ അടുത്തകാലത്ത് ഏറ്റവും വലിയ വിമർശിച്ചത് പ്രതിപക്ഷത്തെക്കാളധികം തരൂർ ആയിരുന്നതുകൊണ്ട് പറയേണ്ടത് പാർട്ടിക്കുള്ളിലേ പറയാവൂ എന്ന തരൂരിന്റെ ഉപദേശം കേട്ടപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ഹാർട്ടറ്റാക്ക് വന്നില്ല എന്നേയുള്ളൂ.
നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാമെന്നും അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്നും പുറത്ത് ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ശശി തരൂര്‍ യോഗത്തിൽ പറഞ്ഞത്. ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
കടക്കൂ പുറത്ത് എന്ന തരൂരിനോട് പറയാൻ മടിയുള്ളതുകൊണ്ട് കോൺഗ്രസ് നേതാക്കൾ മിണ്ടാതിരിക്കുകയാണ് തരൂരിന്റെ ഓരോ കോൺഗ്രസ് വിരുദ്ധ പ്രസ്താവനകൾ കഴിയുമ്പോഴും. അതിനിടയ്ക്കാണ് തരൂരിന്റെ ഉപദേശവും പ്രസംഗവും കോൺഗ്രസ് നേതാക്കൾക്ക് അമ്പരപ്പുണ്ടാക്കിയത്.
തരൂരിന്റെ നല്ല പിള്ളേച്ച ചമയിലിന് കയ്യോടെ മറുപടി കൊടുത്തു കെ മുരളീധരൻ എം പി. ആരെങ്കിലും മറുപടി പറയണ്ടേ. തുറന്നടിക്കാൻ മുരളിയും മോശക്കാരൻ അല്ലാത്തതുകൊണ്ട് തരൂല അടിച്ചു കോളിന് അധികം വൈകാതെ മറുപടി ഗോൾ നൽകി മുരളി വല കുലുക്കി.
എന്നാൽ, ശശി തരൂരിന്‍റെ അഭിപ്രായത്തിന് പിന്നാലെ ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്നായിരുന്നു കെ. മുരളീധരൻ യോഗത്തിൽ പറഞ്ഞത്. മുരളി പറഞ്ഞത് ആരെക്കുറിച്ചാണെന്നും ആർക്കുള്ള മറുപടിയാണെന്നും കേട്ടവർക്കും കൊണ്ടവർക്കുമെല്ലാം നന്നായി മനസ്സിലായി.
നന്നായി മുരളി പറഞ്ഞത് എന്ന് പൊതുവേ നേതാക്കൾ അങ്ങോട്ടുമിങ്ങോട്ടും പറയുകയും ചെയ്തു.
പലപ്പോഴും പാര്‍ട്ടിക്കുള്ളിൽ പറയേണ്ട ഭിന്നാഭിപ്രായങ്ങളടക്കം പരസ്യമായി പറഞ്ഞ് വിവാദത്തിലാകുന്ന ശശി തരൂര്‍ തന്നെയാണ് ഇത്തരമൊരു വിശുദ്ധ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ മറ്റാരൊക്കെയോ ആണ് പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിക്ക് പുറത്ത് പറഞ്ഞു നടക്കുന്നതായി തോന്നി.
മോദി സ്തുതിയും ബിജെപിയും വാഴ്ത്തുക്കളുമായി അവസരം കിട്ടുമ്പോൾ എല്ലാം കോൺഗ്രസിനെതിരെ പറയുന്ന തരൂർ സ്വയം നിഷ്കളങ്കനായി ബാക്കി എല്ലാവരെയും കുറ്റക്കാരായി ചിത്രീകരിച്ചപ്പോൾ കരുണാകര പുത്രന് അതിന് മറുപടി നൽകാതിരിക്കാൻ ആയില്ല

കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള അതീവ ഗൗരവത്തിലുള്ള ചർച്ച നടക്കുമ്പോഴാണ് തരൂർജി കോൺഗ്രസിനുള്ള സന്മാർഗപാഠവുമായി ക്യാമ്പിലെത്തിയത്. മുരളി ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞതുകൊണ്ട് തരൂരിന് മിണ്ടാട്ടം മുട്ടി.
പിന്നെ ചർച്ച സജീവമായി നടന്നു. ഘടകക്ഷികള്‍ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട നയം എന്താകണമെന്ന കാര്യത്തിലടക്കം അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യത്തിലടക്കം പ്രശ്നങ്ങളില്ലാതെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന അഭിപ്രായമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. ലീഗനടക്കമുള്ള കക്ഷികള്‍ക്ക് സീറ്റുകള്‍ നൽകുമ്പോള്‍ പരാതികളില്ലാതെ കൃത്യമായി കൈകാര്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ പറഞ്ഞു. സീറ്റുകള്‍ വെച്ചുമാറുന്നതിലടക്കം പരസ്പര സമ്മതം ഉണ്ടാകണമെന്നും ഇപ്പോഴുണ്ടായ നേട്ടം വലിയ കാര്യമായി കാണാതെ കരുതലോടെ നീങ്ങണമെന്ന അഭിപ്രായവും യോഗത്തിൽ ഉയര്‍ന്നു. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം. രണ്ടു ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. പുതിയ ഘടകക്ഷികളെ യുഡിഎഫിലെടുക്കുമ്പോള്‍ അതാത് ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം തേടണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുൻതൂക്കം തുടരാനുള്ള അനുകൂല സാഹചര്യം നിലനിര്‍ത്തണമെന്ന ആഹ്വാനമാണ് ക്യാമ്പിലുയര്‍ന്നത്.






