വെടിനിര്‍ത്തല്‍ കരാറിനു മുമ്പ് ഇസ്രയേല്‍ നടത്തിയത് ഭൂകമ്പനത്തിനു സമാനമായ സ്‌ഫോടനങ്ങള്‍; എം113 കവചിത വാഹനങ്ങളില്‍ ടണ്‍കണക്കിനു സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിച്ച് ഗാസയിലെ കെട്ടിടങ്ങള്‍ തച്ചു തകര്‍ത്തു; 86 ശതമാനം അംബരചുംബികളും നിലംപൊത്തി; രണ്ടുവര്‍ഷത്തെ യുദ്ധത്തേക്കാള്‍ മാരകം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഇസ്രയേലിന്റെ ഏറ്റവും മാരകമായ വിമാന ബോംബായ, രണ്ടായിരം പൗണ്ട് ഭാരമുള്ള അമേരിക്കന്‍ നിര്‍മിത മാര്‍ക്ക്-84 ന്റെ ശേഷിക്കു തുല്യമാണെന്നാണു പ്രതിരോധ വിദഗ്ധരുടെ അനുമാനം. സ്‌ഫോനത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ 300 മീറ്റര്‍വരെ ദൂരത്തേക്കു തെറിച്ചുവീണു. ഇത്തരം സ്‌ഫോടനങ്ങള്‍ സംഭവിക്കുമ്പോള്‍ ബ്ലാസ്റ്റ് വേവില്‍ (സ്‌ഫോടന തരംഗത്തില്‍) കെട്ടിടങ്ങളുടെ തറകളെ മുകളിലേക്കു ശക്തമായി തള്ളിയുയര്‍ത്തുന്നതിനു തുല്യമാകും. ബ്ലാസ്റ്റ് വേവുകള്‍ കെട്ടിടങ്ങളെ ചുറ്റി വരിയുകയും എല്ലാ വശങ്ങളിലും മേല്‍ക്കൂരകളിലും ശക്തമായ സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ഇതു കെട്ടിടം നിലംപൊത്തുന്നതിന് ഇടയാക്കും.

ഗാസ: ട്രംപിന്റെ നേതൃത്വത്തില്‍ ഹമാസുമായി നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനു മുമ്പേ ഇസ്രയേല്‍ ഗാസയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ മാരകമായ ബോംബാക്രമണത്തിലൂടെ നിലംപരിശാക്കിയെന്നും ടണ്‍ കണക്കിനു കിലോഗ്രാം ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഇതിനുപയോഗിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്.
യുദ്ധത്തിനു മുമ്പ് റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും ബഹുനില കെട്ടിടങ്ങളും വമ്പന്‍ ഉയരത്തിലുള്ള ടവറുകളും നിറഞ്ഞതായിരുന്നു ഗാസയെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേല്‍ പിന്‍മാറുമ്പോള്‍ ഇതില്‍ ഭൂരിപക്ഷവും വാഹനങ്ങളില്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചു തകര്‍ത്തെന്നും ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില കെട്ടിടങ്ങള്‍ നിലം പൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
ഒക്‌ടോബറില്‍ കരാര്‍ നിലവില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള ഒരാഴ്ച ഇസ്രയേല്‍ നടത്തിയ വമ്പന്‍ നശീകരണങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ യുദ്ധത്തിനിടെയുണ്ടായ ബോംബിങ്ങിനെക്കാള്‍ മാരകമായിരുന്നു. ഇതില ചിലത് യുദ്ധത്തിന്റെ ഇരകളായി മാറിയ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ ഹമാസിന്റെ നിരീക്ഷണ കേന്ദ്രങ്ങളായിരുന്നെന്നും തൊട്ടാല്‍ പൊട്ടുന്ന മാരക സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.

ഇത്തരത്തിലുള്ള ആയിരക്കണക്കിനു ടവറുകളാണ് ഇസ്രയേല്‍ രണ്ടാഴ്ചകൊണ്ടു തകര്‍ത്തു തരിപ്പണമാക്കിയത്. ഇതില്‍ ചിലത് വ്യോമാക്രമണത്തിലൂടെയായിരുന്നെങ്കില്‍ മറ്റുള്ളവ യുദ്ധകാലത്തു വികസിപ്പിച്ച പുതിയ ആയുധത്തിലൂടെയായിരുന്നു. ഒന്നുമുതല്‍ മൂന്നു ടണ്‍വരെ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ പുനര്‍നിര്‍മിച്ച എം 113 ആര്‍മേഡ് പേഴ്‌സണല്‍ കാരിയറുകള്‍ (എം113 എപിസികള്‍) ആയിരുന്നു ഇവ. അറബ് സൈന്യവുമായി ഉള്ള യുദ്ധത്തില്‍ ഉപയോഗിച്ച കവചിത വാഹനങ്ങളാണ് ഇത്. സൈനികരെ സുരക്ഷിതരായി യുദ്ധമുന്നണിയില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇവ. ഇതിനുള്ളില്‍ ടണ്‍ കണക്കിനു സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയും ഇവ പിന്നീടു കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു സമീപം എത്തിച്ചു പൊട്ടിത്തെറിപ്പിക്കുകയുമായിരുന്നു.
ഗാസ സമ്പൂര്‍ണമായി പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സൈന്യം ഗാസ സിറ്റിയുടെ കേന്ദ്ര ഭാഗത്തേക്കു മുന്നേറിയതിനൊപ്പം എപിസികള്‍, വ്യോമാക്രമണങ്ങള്‍, ബുള്ളറ്റ് പ്രൂഫ് ബുള്‍ഡോസറുകള്‍ എന്നിവ ചേര്‍ന്നു കൂറ്റന്‍ കെട്ടിടങ്ങള്‍ തച്ചു തകര്‍ത്തു. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോകളും ഡ്രോണ്‍ ദൃശ്യങ്ങളും പിന്നീടു പുറത്തുവന്നു. ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ മിക്കയിടങ്ങളില്‍നിന്നും ജനം പലായനം ചെയ്തിരുന്നു എന്ന് താമസക്കാരും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികളും ഗാസയിലെ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വ്യോമാക്രമണത്തില്‍ കേടുപാട് പറ്റിയ ഹെഷാം മുഹമ്മദ് ബദാവിയുടെ അഞ്ചുനില കെട്ടിടം,സമ്പന്നമായ തെല്‍-അല്‍-ഹവ സബര്‍ബിലെ ദൗല സ്ട്രീറ്റിലെ വീട് എന്നിവ സെപ്റ്റംബര്‍ 14നു നടത്തിയ എപിസി സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹവും 41 കുടുംബാംഗങ്ങളും ഭവനരഹിതരായെന്ന് ബദാവിയും ബന്ധുവും പറഞ്ഞു.
അഞ്ചു മിനുട്ട് ഇടവേളകളില്‍ കുറഞ്ഞത് അഞ്ച് എം113 എപിസികളെങ്കിലും പൊട്ടിത്തെറിച്ചു. തകര്‍ക്കുന്നതിനു മുമ്പ് ഒഴിപ്പിക്കല്‍ മുന്നറിയിപ്പു ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിലും കനത്ത വെടിവയ്പിനും ഇടയില്‍ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. അതേ ബ്ലോക്കിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി സാറ്റലൈറ്റ് ചിത്രങ്ങളും വ്യക്തമാക്കുന്നു.
വെടിനിര്‍ത്തലിന് മുമ്പുള്ള ആറ് ആഴ്ചകളില്‍ തെല്‍-അല്‍-ഹവയിലും അയല്‍ സബ്ര ജില്ലയിലും ഇസ്രായേല്‍ സൈന്യം എം113 എപിസി അടിസ്ഥാനമാക്കിയുള്ള ബോംബുകള്‍ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ വിശദമായ വിവരണം തയ്യാറാക്കാന്‍, റോയിട്ടേഴ്സ് മൂന്ന് ഇസ്രായേല്‍ സുരക്ഷാ സ്രോതസുകളോടും ഒരു വിരമിച്ച ഇസ്രായേല്‍ ബ്രിഗേഡിയറോടുമാണ് സംസാരിച്ചത്. പല സ്‌ഫോടനങ്ങളും ഭൂകമ്പത്തിനു സമാനമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
പൊട്ടിത്തെറിച്ച വാഹനത്തിന്റെ രൂപവും ക്യാബിന്‍ശേഷിയും പരിശോധിച്ചാണു മൂന്നു ടണ്‍ ഭാരമുള്ള സ്‌ഫോടക വസ്തുവെങ്കിലും നിറച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. ഇത് ഇസ്രയേലിന്റെ ഏറ്റവും മാരകമായ വിമാന ബോംബായ, രണ്ടായിരം പൗണ്ട് ഭാരമുള്ള അമേരിക്കന്‍ നിര്‍മിത മാര്‍ക്ക്-84 ന്റെ ശേഷിക്കു തുല്യമാണെന്നാണു പ്രതിരോധ വിദഗ്ധരുടെ അനുമാനം. സ്‌ഫോനത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ 300 മീറ്റര്‍വരെ ദൂരത്തേക്കു തെറിച്ചുവീണു. ഇത്തരം സ്‌ഫോടനങ്ങള്‍ സംഭവിക്കുമ്പോള്‍ ബ്ലാസ്റ്റ് വേവില്‍ (സ്‌ഫോടന തരംഗത്തില്‍) കെട്ടിടങ്ങളുടെ തറകളെ മുകളിലേക്കു ശക്തമായി തള്ളിയുയര്‍ത്തുന്നതിനു തുല്യമാകും. ബ്ലാസ്റ്റ് വേവുകള്‍ കെട്ടിടങ്ങളെ ചുറ്റി വരിയുകയും എല്ലാ വശങ്ങളിലും മേല്‍ക്കൂരകളിലും ശക്തമായ സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ഇതു കെട്ടിടം നിലംപൊത്തുന്നതിന് ഇടയാക്കും.

സാധാരണ എപിസികള്‍ യുദ്ധക്കളത്തില്‍ സൈനികരെയും സൈനിക ഉപകരണങ്ങളും എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളെ വലിയ ബോംബുകളായി ഉപയോഗിക്കുന്നത് അസാധാരണമാണ്. വലിയ സാങ്കേതികവിദ്യയൊന്നും ആവശ്യമില്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ചു മാരക പ്രഹരം ഏല്‍പ്പിക്കുന്നതിന്റെ ക്ലാസിക് മാതൃകയാണിതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. യുഎസിന്റെ മാര്‍ക്ക് 84 വ്യോമ ബോബുകളുടെയും കൂറ്റന്‍ കാറ്റര്‍പില്ലര്‍ ബുള്‍ഡോസറുകളുടെയും കൈമാറ്റത്തിനുള്ള തടസത്തിനുള്ള മറുപടിയായിരുന്നു ഇതെന്നും വിലയിരുത്തുന്നു.
യുദ്ധത്തിന് മുമ്പ് തെല്‍-അല്‍-ഹവയും സബ്രയുംഗാസ സിറ്റിയുടെ തെക്ക്-മധ്യ ഭാഗത്തെ ചരിത്രപ്രധാനമായ മിതമായ വീടുകളുള്ള പ്രദേശംബേക്കറികള്‍, ഷോപ്പിങ് മാളുകള്‍, പള്ളികള്‍, ബാങ്കുകള്‍, സര്‍വകലാശാലകള്‍ എന്നിവയാല്‍ സജീവമായിരുന്നു. ഇപ്പോഴിവ കല്‍ക്കൂമ്പാരമായി മാറി. സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള ആറ് ആഴ്ചകളില്‍ സബ്ര, തെല്‍-അല്‍-ഹവ, പരിസര പ്രദേശങ്ങളിലെ ഏകദേശം 650 കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളുടെ വിശകലവും വ്യക്തമാക്കുന്നു. ഗാസയിലെ ഏതാണ്ട് 86 ശതമാനം കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ജൂലൈ മുതല്‍ 5600 വലിയ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു.
ഏതാണ്ടെല്ലാ കെട്ടിടങ്ങളിലും ഹമാസ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചതിനാലാണ് എപിസികളില്‍ സ്‌ഫോടനം നടത്തിയത്. ഇവയുടെ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഹമാസ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കെട്ടിടങ്ങളും അപ്പാടെ പൊട്ടിത്തെറിക്കുന്നു. അല്‍-റോയ ടവര്‍, ടെല്‍ അല്‍ ഹവയിലെ ആറു ബ്ലോക്കുകളുള്ള മേഖലയില്‍ പള്ളിയുള്‍പ്പെടെ 60ല്‍ അധികം കെട്ടിടങ്ങള്‍ തകര്‍ന്നു. ഇതിനു പുറമേയായിരുന്നു ചെറിയ കെട്ടിടങ്ങള്‍ക്കു നേരെയുള്ള വ്യോമാക്രമണങ്ങള്‍. പ്രതിദിനം 20 എപിസികള്‍വരെ പൊട്ടിത്തെറിച്ചെന്നാണ് ശരാശരി കണക്ക്.
1970ലെ യോം കിപ്പൂര്‍ യുദ്ധത്തിനുശേഷം (അറബ് സൈന്യവും ഇസ്രയേലും നടത്തിയ യുദ്ധം) യുഎസില്‍നിന്നു വാങ്ങിയ ആയിരക്കണക്കിന് എം 113 ടാങ്കുകള്‍ സൈനിക സുരക്ഷയില്‍ പിഴവുകളുള്ളതിനാല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, ഇവ പൂര്‍ണമായും ഉപേക്ഷിക്കാതെ സംരക്ഷിച്ചുപോന്നു. വാഹനത്തിന്റെ നിര്‍മാതാവായിരുന്ന എഫ്എംസി കോര്‍പ് ഇത് അമേരിക്കയ്ക്കാണ് നല്‍കിയത്. മറ്റു വഴികളിലൂടെ മറ്റു രാജ്യങ്ങളില്‍ ഇത് എത്തി. ഇസ്രയേലാണ് അതിലൊന്ന്.
ഇതിനുശേഷം നിരവധി എം113കള്‍ ഇസ്രയേല്‍ തനതായി നിര്‍മിച്ചു. 2024ല്‍ ആണ് ഇത് ആദ്യമായി ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. മാരകമായ ബോംബിംഗ് ഉണ്ടാകുമെന്ന് ഭയന്ന് അമേരിക്ക യുഎസ് മാര്‍ക്ക് 84 വ്യോമ ബോംബുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിയതോടെയാണ് എം 113 സ്‌ഫോടനത്തിനായി കണ്ടെത്തി.






