കാപാലികനെ വിമര്‍ശിച്ച് ടി.സിദ്ദിഖിന്റെ ഭാര്യയുടെ കവിത; കവയത്രി ഉദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് വ്യക്തം; പിഞ്ചുപൂവിനെ പിച്ചിച്ചീന്തിയ കാപാലികാ നീ ഇത്രയും ക്രൂരനോ?

കോഴിക്കോട്; കവിതയിലൂടെ ചാട്ടുളി പോലെ വാക് ശരങ്ങളെയ്ത് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഫെയ്‌സ്ബുക്കിലെഴുതിയ കവിത രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിക്കുന്നതായി. കവിത രാഹുലിനെക്കുറിച്ചാണെന്ന് എവിടെയും പറയുന്നില്ലെങ്കിലും കവിതയില്‍ ഷറഫുന്നീസ വിതച്ചിട്ടുള്ളതെല്ലാം ഇപ്പോള്‍ ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന രാഹുലിനെയാണ് വായനക്കാരുടെ മനസിലേക്ക് കൊണ്ടുവരുന്നത്.
ഗര്‍ഭഛിദ്രവും പ്രണയിച്ച് പറ്റിക്കലുമാണ് കവിതയുടെ ഉള്ളടക്കം. അത് ശക്തമായും നൊമ്പരമായും ഷറഫുന്നീസ അവതരിപ്പിച്ചിട്ടുമുണ്ട്.
പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ എന്നാണ് ആരോടോ കവയത്രിയുടെ വേദനയും ദേഷ്യവും കലര്‍ന്ന ചോദ്യം.
നീയും ഒരമ്മയുടെ ഉദരത്തില്‍ ജന്മം കൊണ്ട മാഹാ പാപിയോ?, ഗര്‍ഭപാത്രത്തില്‍ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ എന്നിങ്ങനെ കലിപ്പ് തീരാത്ത് വാക്കുകള്‍ കവിതയായ് പിറന്നിരിക്കുന്നു.
കവിതയുടെ പൂര്‍ണരൂപം
ചുറ്റും
വിഷം തൂകിയ പാമ്പുകള്‍
എന്നെ
വരിഞ്ഞുമുറുക്കുന്നു…
ഉറക്കം എനിക്ക്
അന്യമായി തീരുന്നു.
പൊളിഞ്ഞ ഗര്‍ഭപാത്രത്തിന്റെ
നിലവിളി
സ്വപ്നങ്ങളെ
ചാലിച്ച പിഞ്ചു പൂവിനെ
പിച്ചിച്ചീന്തിയ കാപാലികാ,
നീ ഇത്രയും ക്രൂരനോ?
ഗര്‍ഭപാത്രത്തില്‍
കയ്യിട്ടു
ഞെരടി,
ചോര കുടിച്ച രക്തരാക്ഷസാ…
നീ ഇത്ര ക്രൂരനോ?
നീയും ഒരു അമ്മയുടെ
ഉദരത്തില്‍ ജന്മം കൊണ്ട
മഹാപാപിയോ?
ഒരു പാവം പെണ്ണിന്റെ
ഹൃദയം പതിയെ തൊട്ട്,
പ്രണയം പുലമ്പി
കടിച്ചുപറിച്ചത്
ജീവനുള്ള മാംസപിണ്ഡം
ആയിരുന്നു.
കാര്‍ക്കി തുപ്പിയത്
വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…
ചീന്തിയ ചിറകുമായി
ആത്മാവ് വട്ടമിട്ട് പറക്കുമ്പോള്‍,
ശാന്തി കണ്ടെത്താനാകാതെ…
അവളെ തളക്കാന്‍ ശ്രമിച്ച
ചോരപുരണ്ട നിന്റെ
പല്ലുകള്‍ക്ക്
ദൈവം ഒരിക്കലും
ശക്തി തരില്ല.
അവിടെ നിന്നില്‍
സേവനം ചെയ്തത്
സാത്താനായിരുന്നു.
ഇത്
രക്തത്തില്‍ എഴുതപ്പെട്ട,
ചോര പൊടിഞ്ഞ
ആത്മാവിന്റെ വിധി.
കോണ്‍ഗ്രസ് നേതാക്കളും വനിത നേതാക്കളുമെല്ലാം രാഹുലിനെതിരെ കടുത്ത വിമര്‍ശനവും എതിര്‍പ്പുമായി രംഗത്തെത്തുമ്പോള്‍ ്അവര്‍ക്കൊപ്പം പരോക്ഷമായിട്ടാണെങ്കിലും ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ അക്ഷരങ്ങളെ കത്തുമഗ്നിയായ് ജ്വലിപ്പിച്ച് ആ അക്ഷരകോപാഗ്നിയില്‍ ഒരു കാപാലികജന്‍മത്തെ കത്തിച്ചു ചാമ്പലാക്കിയിരിക്കുകയാണ്.






