രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ജാമ്യാപേക്ഷ തള്ളിയത് തിരുവനന്തപുരം സെഷന്‍സ് കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ട ശേഷം അല്‍പനേരം ചെറിയ ഇടവേളയെടുത്ത് കോടതി പിരിഞ്ഞ ശേഷം വീണ്ടും ചേര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. രാഹുലിനെതിരായ പുതിയ പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്ഐആറാണിത്. രാഹുല്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇന്നലെ കേസ് പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുണ്ടായിരുന്നത്.
സീല്‍ ചെയ്ത കവറില്‍ രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ വാദം നടന്നത്.
രാഹുലിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയും കോടതിക്ക് മുന്നിലെ പ്രോസിക്യൂഷന്‍ രേഖകളിലുണ്ട്. ബംഗളുരുവില്‍ പോലീസ് രാഹുലിനെ ലൊക്കേറ്റ് ചെയ്‌തെന്ന അഭ്യൂഹവും ശക്തമാണ്. ഇന്ന് പ്രതിഭാഗത്തിന്റെ വാദം പത്തുമിനുറ്റുകൊണ്ട് പൂര്‍ത്തിയായി. രാഹുലിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പല കാര്യങ്ങളിലും ്‌വ്യക്തത വരാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഒരു ജനപ്രതിനിധി നിയമത്തെ വെല്ലുവിളിച്ച് അന്വേഷണവുമായി സഹകരിക്കാതെ ഒളിവില്‍ കഴിയുന്നത് തെറ്റാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നോട്ട് ടു അറസ്റ്റ് എന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷന്‍ ഖണ്ഡിച്ചു.






