Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഗാസ യുദ്ധം: യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് നെതന്യാഹു; പ്രസംഗത്തിനിടെ കൂക്കി വിളികളും ബഹിഷ്‌കരണവും; ഇസ്രയേലിനെ എതിര്‍ത്തവര്‍ക്ക് പരസ്യ ചുംബനം; ഗാസയെക്കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടനെന്നും ട്രംപ്

പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി.

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി.

ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു.

Signature-ad

പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി.

ALSO READ   ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ നിരായുധീകരിക്കും, ഇഷ്ടമുള്ള രാജ്യത്തേക്കു പോകാന്‍ സാഹായിക്കും; പലസ്തീന്‍ രാജ്യം വരുന്നതുവരെ അറബ്- യൂറോപ്യന്‍ യൂണിയന്‍ -യുഎസ് സംയുക്ത ഭരണ- സൈനിക സംവിധാനം; ഇസ്രയേല്‍ പിന്‍വാങ്ങും

 

ഇതിനിടെ, ഗുസ്താവോ പെട്രോയുടെ വിസ അമേരിക്ക റദ്ദാക്കി. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത പെട്രോ, അച്ചടക്കം ലംഘിച്ച് കലാപത്തിന് ഇറങ്ങാന്‍ യുഎസ് സൈനികരോട് ആഹ്വാനം ചെയ്തിരുന്നു. ഇതാണ് വിസ റദ്ദാക്കലില്‍ കലാശിച്ചത്.

ഗാസ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകളില്‍ പ്രതീക്ഷാനിര്‍ഭരമായ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇസ്രായേലിനും ഹമാസിനും ചര്‍ച്ചയുടെ ഓരോ ഘട്ടങ്ങളേയും കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ALSO READ  ഇറാനു മുന്നില്‍ ലോകത്തിന്റെ വാതിലുകള്‍ അടയുന്നു; ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും; സഹായിച്ചാല്‍ വന്‍ പിഴ; ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തിരിച്ചടിച്ച് ഇറാന്‍ പ്രധാനമന്ത്രി; വിദേശ പ്രതിനിധികളെ തിരിച്ചു വിളിച്ചു; ആണവ പദ്ധതികളും പുനരാരംഭിച്ചു; എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ പദ്ധതിക്കും തിരിച്ചടിയാകും

 

ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഹമാസ് തീവ്രവവാദികള്‍ ബന്ദിയാക്കിയ ഇസ്രയേലികളെ നേരിട്ട് അഭിസംബോധന ചെയ്തായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ഗാസയെ വളഞ്ഞുചുറ്റി വമ്പന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് അവരുമായി ആശയവിനിമയം സാധ്യമാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കുകയാണെന്നും അവര്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കുന്നുണ്ടാകുമെന്നണു കരുതുന്നതെന്നും നെതന്യാഹു പറഞ്ഞു.

ഇതിനു മുമ്പ് ഒരിക്കലും ചെയ്യാതിരുന്ന ചില കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഇവിടെ പറയുന്നത് ഗാസയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു കേള്‍പ്പിക്കുന്നുണ്ടെന്നു പറഞ്ഞശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ‘ഞങ്ങളുടെ ഏറ്റവും കരുത്തന്‍മാരായ ഹീറോകളേ, ഇതു നിങ്ങളുടെ പ്രധാനമന്ത്രി. ഞാനിപ്പോള്‍ സംസാരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍നിന്നാണ്. ഞങ്ങള്‍ നിങ്ങളെ മറന്നിട്ടില്ല. ഒരു സെക്കന്‍ഡുപോലും നിങ്ങളെ ഓര്‍ക്കാതിരുന്നിട്ടില്ല. ഇസ്രയേല്‍ ജനത നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളെയെല്ലാം തിരിച്ചെത്തിക്കാതെ ഞങ്ങള്‍ക്കു വിശ്രമം ഇല്ലെന്നും’ നെതന്യാഹു പറഞ്ഞു.

പാലസ്തീന്‍ രാജ്യത്തിനു വേണ്ടി വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേയും നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജൂതന്‍മാരെ കൊല്ലുന്നതു ഫലം ചെയ്യുമെന്ന് അവരെ നിങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനു തുല്യമാണിത്. ഹമാസിനെതിരായ യുദ്ധത്തിന്റെ പേരില്‍ ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്നതിന് എതിരേയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ‘ഈയാഴ്ച ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവയടക്കം പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചുകൊണ്ടു രംഗത്തുവന്നു. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ഭീകരതയ്ക്കുശേഷമാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്. പലസ്തീനിലെ 90 ശതമാനം ആളുകളും ഭീകരതയെ പിന്തുണയ്ക്കുകയാണു ചെയ്തത്. ജൂതന്‍മാരെ കൊന്നാല്‍ ഫലമുണ്ടാകുമെന്ന് അവരോടു പറയാതെ പറയുകയാണ് നിങ്ങള്‍ ചെയ്യുന്നത്’- നെതന്യാഹു പറഞ്ഞു.

‘ഞങ്ങള്‍ ഗാസയിലെ ജനങ്ങളെ അവരെ കൊല്ലണമെന്ന ഉദ്ദേശ്യത്തില്‍ ലക്ഷ്യമിടുന്നില്ല. ഇസ്രയേല്‍ ദശലക്ഷക്കണക്കിനു നോട്ടീസുകളും ദശലക്ഷക്കണക്കിന് എസ്എംഎസുകളുമാണ് അയച്ചത്. ഇതിലെല്ലാം ഗാസയില്‍നിന്ന് ഒഴിഞ്ഞു പോകണമെന്നാണ് ആവശ്യപ്പെട്ടത്. മോസ്‌കിലും സ്‌കൂളിലും ആശുപത്രികളിലും അപ്പാര്‍ട്ട്‌മെന്റുകളിലും മറഞ്ഞിരിക്കുകയാണ് ഹമാസ്. അവിടെയിരുന്നുകൊണ്ട് ജനങ്ങളെ പിടിച്ചുവയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ജനങ്ങള്‍ ഹമാസിന്റെ ഗണ്‍ പോയിന്റിലാണ് ജീവിക്കുന്നത്.

വംശഹത്യയും മനഃപൂര്‍വമായ പട്ടിണിയും സംബന്ധിച്ച ആരോപണങ്ങള്‍ നിരസിച്ച നെതന്യാഹു, സിവിലിയന്മാര്‍ക്കുള്ള ഇസ്രായേലിന്റെ മുന്നറിയിപ്പുകള്‍ വംശഹത്യ ഉദ്ദേശ്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വാദിച്ചു, രണ്ടാം ലോകമഹായുദ്ധകാലത്തെ ഹോളോകോസ്റ്റിനെ പരാമര്‍ശിച്ചുകൊണ്ട്, ‘നാസികള്‍ ജൂതന്മാരോട് പോകാന്‍ ആവശ്യപ്പെട്ടോ?’ എന്ന് ചോദിച്ചു. ഹമാസ് സാധനങ്ങള്‍ ‘മോഷ്ടിക്കുകയും പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും’ ചെയ്യുന്നതിന്റെ ഫലമായാണ് ഗാസയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗാസയില്‍ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഹമാസ് ഉപയോഗിക്കുന്നെന്ന് ആരോപിച്ചു ബഹുനില കെട്ടിടവും ഇസ്രയേല്‍ തകര്‍ത്തു. ഐഡിഎഫ് ട്രൂപ്പിനെതിരേ ആക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിച്ചിരുന്നത് ഈ കെട്ടിടമാണെന്നും ആക്രമണത്തിനു മുമ്പ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

ഹമാസിന്റെ പ്ലാറ്റൂണ്‍ കമാന്‍ഡറും ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്തയാളുമായ വേല്‍ സമീര്‍ അബ്ദല്‍ കരീമിനെയും ഇസ്രയേല്‍ സൈന്യം വധിച്ചു. ഹമാസിന്റെ ഷാറ്റി ബറ്റാലിയനിലെ കമാന്‍ഡറാണ് ഇയാളെന്നും സൈന്യം പറഞ്ഞു. ഹമാസ് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ജനങ്ങളില്‍നിന്നു മോഷ്ടിച്ച ഭക്ഷ്യവസ്തുക്കളും മരുന്നും കണ്ടെത്തിയെന്നും ചിത്രമടക്കം പുറത്തുവിട്ട് ഇസ്രയേല്‍ അവകാശപ്പെട്ടു.

delegates-walk-out-on-israeli-pm-benjamin-netanyahu-speech-un-general-assembly

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: