Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ നിരായുധീകരിക്കും, ഇഷ്ടമുള്ള രാജ്യത്തേക്കു പോകാന്‍ സാഹായിക്കും; പലസ്തീന്‍ രാജ്യം വരുന്നതുവരെ അറബ്- യൂറോപ്യന്‍ യൂണിയന്‍ -യുഎസ് സംയുക്ത ഭരണ- സൈനിക സംവിധാനം; ഇസ്രയേല്‍ പിന്‍വാങ്ങും

സമാധാനപരമായ ദ്വിരാഷ്ട്രത്തിലേക്കു വഴിവെട്ടാന്‍ ഉദ്ദേശിച്ചാണു ട്രംപിന്റെ നിര്‍ദേശങ്ങളെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മണ്ഡലം രൂപീകരിക്കുന്നതിനൊപ്പം സമാധാനപരമാ സഹവര്‍ത്തിത്വത്തിലേക്കുള്ള ചര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിവരുത്താന്‍ ട്രംപ് ഭരണകൂടം തയാറാക്കിയ കരാര്‍ പുറത്ത്. 21 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറാണ് പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ ട്രംപ് ഗാസ ഏറ്റെടക്കുന്നതിനെക്കുറിച്ചു നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. തവിടുപൊടിയായ ഗാസയെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുണ്ടാക്കുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, ട്രംപിന്റെ പദ്ധതിയെല്ലാം മാറി. പാലസ്തീന്‍ രാജ്യം നിലവില്‍വരുന്നതുവരെ ഗാസയില്‍ പലസ്തീനികളെ തുടരാന്‍ അനുവദിക്കുന്നതടക്കം 21 ഇന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കല്‍, ഹമാസിനെ അധികാരത്തില്‍നിന്നു നീക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കിടെ വിവിധ മേഖലകളില്‍നിന്നുള്ള ആളുകളുമായി ചര്‍ച്ച ചെയ്താണു പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

സമാധാനപരമായ ദ്വിരാഷ്ട്രത്തിലേക്കു വഴിവെട്ടാന്‍ ഉദ്ദേശിച്ചാണു ട്രംപിന്റെ നിര്‍ദേശങ്ങളെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മണ്ഡലം രൂപീകരിക്കുന്നതിനൊപ്പം സമാധാനപരമാ സഹവര്‍ത്തിത്വത്തിലേക്കുള്ള ചര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. യുഎസിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ് ആണ് 21 ഇന നിര്‍ദേശങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. വരും ദിവസങ്ങളില്‍ ഇസ്രയേലിനുകൂടി ഗുണകരമാകുന്ന രീതിയില്‍ നിര്‍ദേശങ്ങള്‍ പാകപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് ഹമാസിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍, പാലസ്തീന്‍ രാജ്യമെന്ന ആശയം നെതന്യാഹുവിനും ദഹിക്കാന്‍ പ്രയാസമാകും.

ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

 

1. ഗാസയെ തീവ്രവാദ മുക്തമാക്കും. അയല്‍ക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ ടെറര്‍-ഫ്രീ സോണ്‍ ആക്കി മാറ്റും.

2. ജനങ്ങള്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ ഗാസയെ പുനര്‍നിര്‍മിക്കും.

3. ഇസ്രയേലും ഹമാസും നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ യുദ്ധം ഉടനടി നിര്‍ത്തും. ഐഡിഎഫ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നതിനൊപ്പം ഗാസ മുനമ്പില്‍നിന്ന് ക്രമേണ പിന്‍വാങ്ങും.

4. ഇസ്രയേല്‍ കരാര്‍ അംഗീകരിച്ചു 48 മണിക്കൂറിനുള്ളില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ബന്ദികളെ തിരികെയെത്തിക്കണം.

5. ബന്ദികള്‍ തിരിച്ചെത്തിയാല്‍ ഇസ്രയേല്‍ സുരക്ഷാ തടങ്കലില്‍വച്ചിരിക്കുന്നവും ജീവപര്യന്തം ശിക്ഷ വിധിച്ചവരും യുദ്ധമാരംഭിച്ചശേഷം അറസ്റ്റിലുമായ ആയിരത്തോളം ഗാസക്കാരെയും വിട്ടയയ്ക്കും. ഇസ്രയേലിന്റെ തടങ്കലില്‍ മരിച്ചവരുടെ ശരീരവും വിട്ടുനല്‍കണം.

6. ഇരുഭാഗത്തുമുള്ള തടവുകാര്‍ മോചിതരായാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തയാറാകുന്ന ഹമാസ് അംഗങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കും. ഗാസ മുനമ്പ് വിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു അവരെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യങ്ങളിലേക്കു സുരക്ഷിതമായി എത്താന്‍ സഹായിക്കും.

7. ഈ വര്‍ഷം ജനുവരിയില്‍ നടപ്പാക്കിയ ഇടക്കാല വെടിനിര്‍ത്തല്‍ കരാറില്‍ കുറയാത്ത സഹായങ്ങള്‍ ഗാസയില്‍ എത്തിക്കും. 600 ട്രക്ക് പ്രതിദിന ഭക്ഷ്യവസ്തുക്കള്‍, നിര്‍ണായകമായ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കും. മാലിന്യങ്ങള്‍ നീക്കാനുള്ള വാഹനങ്ങളും എത്തിക്കും.

8. ഇസ്രയേലിന്റെയു ഹമാസിന്റെയും ഇടപെടലില്ലാതെയായിരിക്കും സഹായങ്ങള്‍ നല്‍കുക. ഐക്യരാഷ്ട്ര സഭ, റെഡ് ക്രസന്റ് എന്നിവയ്ക്കു പുറമേ, ഇരു വിഭാഗങ്ങളുമായും ബന്ധമില്ലാത്ത സംഘടനകളും നേതൃത്വം വഹിക്കും.

9. ഗാസയിലെ ഭരണം ഇടക്കാല സാങ്കേതിക വിദഗ്ധരായ ആളുകള്‍ക്കു കൈമാറും. ഗാസയിലെ ദൈനംദിന കാര്യങ്ങളാകും ഇവരുടെ ചുമതല. ഇതോടൊപ്പം അമേരിക്കയുടെ നേതൃത്വത്തില്‍ അറബ്- യൂറോപ്യന്‍ രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി മേല്‍നോട്ടം വഹിക്കും. പലസ്തീന്‍ അതോറിട്ടി പരിഷ്‌കാര നടപടികള്‍ രൂപീകരിക്കുന്നതുവരെ ഇവര്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കും.

(കരാറിന്റെ ഈ ഭാഗത്തെക്കുറിച്ച് ഇസ്രയേലിന് എതിര്‍പ്പുണ്ട്. പാലസ്തീന്‍ അതോറിട്ടിയെ ഗാസയുടെ ഭരണാധികാരികളാക്കി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. വെവസ്റ്റ്ബാങ്കിനെയും ഗാസയെയും ഒന്നിച്ച് ഒരു ഭരണത്തിന്റെ കീഴിലാക്കുകയാണ് അറബ് രാജ്യങ്ങളുടെ ലക്ഷ്യം. പാലസ്തീന്‍ അതോറിട്ടിയുടെ ഭരണത്തെക്കുറിച്ചു കൃത്യമായ തീയതി പ്രഖ്യാപിക്കാത്തത് അവര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാഗത്തുനിന്നാണ് ഇത്തരമൊരു നിര്‍ദേശം ആദ്യം ഉയര്‍ന്നത്)

10. ഇന്നത്തെ ആധുനിക പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വികസനത്തിനു ചുക്കാന്‍ പിടിച്ച വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക പദ്ധതി രൂപീകരിക്കും. നിക്ഷേപം എത്തിക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനുമുള്ള സംവിധാനമൊരുക്കും.

11. സമീപസ്ഥ രാജ്യങ്ങളുമായി താരിഫില്‍ ഇളവുള്ള സാമ്പത്തിക മേഖലയാക്കി ഗാസയെ മാറ്റും.

12. ആരെയും ഗാസയില്‍നിന്നു നിര്‍ബന്ധിതമായി നീക്കില്ല. അവിടെനിന്ന് പോയവര്‍ക്കു മടങ്ങിവരാന്‍ അവസരമൊരുക്കും. ഗാസക്കാരെ അവിടെത്തന്നെ തുടരാനുള്ള പ്രോത്സാഹനം നല്‍കും. അവര്‍ക്കു മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള അവസരവും നല്‍കും.

13. സര്‍ക്കാരില്‍ ഹമാസിനു യാതൊരു പങ്കും ഉണ്ടാകില്ല. നിലവിലെ അംഗങ്ങളെ പിരിച്ചുവിടുന്നതിനൊപ്പം അവര്‍ ഭാവിയില്‍ ആക്രമണോത്സുകമായ സൈനിക സംവിധാനം കെട്ടിപ്പടുക്കാനും പാടില്ല. ടണലുകളും നിര്‍മിക്കരുത്. ഗാസയിലെ പുതിയ നേതൃത്വം അയല്‍ക്കാരുമായി സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കണം.

14. ഹമാസും മറ്റു ഗാസയിലെ അനുകൂലികളും അവരുടെ വാക്കുകള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ മേഖലയിലെ പങ്കാളികള്‍ ചേര്‍ന്നു സുരക്ഷയൊരുക്കും. ഇസ്രയേലിനോ അവരുടെതന്നെ ജനങ്ങള്‍ക്കോ ഗാസ ഭീഷണിയാകാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശം.

15. അറബ് രാജ്യങ്ങള്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് അമേരിക്ക താത്കാലിക സൈനിക സംവിധാനം രൂപീകരിക്കും. ഇവരെ അടിയന്തരമായി ഗാസയില്‍ വിന്യസിക്കും. മുനമ്പിന്റെ സുരക്ഷ ഇവരുടെ ചുമതലയായിരിക്കും. ഈ സ്‌റ്റെബിലൈസേഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ പോലീസ് ഫോഴ്‌സിനെ കെട്ടിപ്പടുക്കും. രാജ്യാന്തര സുരക്ഷാ ബോഡിയെന്ന നിലയില്‍ ദീര്‍ഘകാല പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി ഉണ്ടാകും.

16. ഇസ്രയേല്‍ ഒരിക്കലും ഗാസയില്‍ കൈയേറ്റം നടത്തില്ല. ഐഡിഎഫ് കൈവശം വച്ചിരിക്കുന്ന സ്ഥലം ക്രമേണ കൈമാറും. സുരക്ഷാ സേന പകരം എത്തുന്നതിനും മുനമ്പില്‍ സ്ഥിരത കൈവരുന്നതിനും അനുസരിച്ചായിരിക്കും ഐഡിഎഫിന്റെ പിന്‍മാറ്റം.

17. ഹമാസ് നിര്‍ദേശങ്ങള്‍ വൈകിപ്പിക്കുകയോ തള്ളുകയോ ചെയ്താല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഹമാസ് മുക്ത മേഖലകളില്‍ നടപ്പാക്കും. ഇവിടങ്ങളില്‍നിന്ന് ഐഡിഎഫ് പിന്‍മാറി ഇന്റര്‍നാഷണല്‍ സ്‌റ്റെബിലൈസേഷന്‍ സൈന്യത്തിനു കൈമാറും.

(ഹമാസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഇതാകും നടപ്പാക്കാന്‍ സാധ്യതയുള്ളതെന്നു വിലയിരുത്തുന്നു)

18. ഇസ്രയേല്‍ ഭാവിയില്‍ ഖത്തറിനെ ഉന്നം വയ്ക്കില്ല. ഗാസ സംഘര്‍ഷത്തില്‍ ഏറ്റവും നിര്‍ണായക പങ്കു വഹിക്കുന്നതു ഖത്തറാണെന്നു അമേരിക്കയും രാജ്യാന്തര സമൂഹവും കരുതുന്നു.

19. ജനങ്ങളെ തീവ്രവാദ ചിന്തയില്‍നിന്നു പിന്‍മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഇസ്രയേലിലും ഗാസയിലുമുള്ളവര്‍ക്കിടയില്‍ മതങ്ങളുടെ സഹവര്‍ത്തിത്വത്തിനായുള്ള സംഭാഷണങ്ങള്‍ ഉണ്ടാകും.

20. ഗാസയുടെ പുനര്‍നിര്‍മാണം മുന്നോട്ടു പോകുകയും പാലസ്തീന്‍ അതോറിട്ടിയുടെ പുനര്‍ക്രമീകരണം പൂര്‍ത്തിയാകുകയും ചെയ്താല്‍ പലസ്തീന്‍ രാജ്യത്തിലേക്കുള്ള നടപടികള്‍ തുടങ്ങും. പലസ്തീനിയന്‍ ജനങ്ങളുടെ ഏറ്റവും വലിയ ആഗ്രമാണിതെന്നു തിരിച്ചറിയുന്നു.

(പലസ്തീന്‍ അതോറിട്ടിയുടെ റിഫോം പ്രോഗ്രാം എന്താണെന്ന് ഇതില്‍ വ്യക്തമാക്കുന്നില്ല. ഏതു ഘട്ടത്തിലെത്തിയാല്‍ രാജ്യം രൂപീകരിക്കപ്പെടും എന്നതിലും ചര്‍ച്ചകള്‍ വേണ്ടിവന്നേക്കും.)

21. അമേരിക്കയുടെ നേതൃത്വത്തില്‍ പരസ്പര സഹവര്‍ത്തിത്വത്തിനും രാഷ്ട്രീയ സമവായത്തിനുമുള്ള ചര്‍ച്ചകള്‍ നടത്തും.

ALSO READ  അപകടത്തിന് കാരണം പോലീസ് വീഴ്ചയെന്ന് വിജയ് ; പതിനായിരങ്ങളുടെ സ്ഥാനത്ത് ഒരുലക്ഷം പേര്‍ വന്നെന്ന് ടിവികെ ; മരണമടഞ്ഞവര്‍ക്ക് 10 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 3 ലക്ഷവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

എന്നാല്‍, ട്രംപിന്റെ ഗാസ പദ്ധതിയെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണവും ശക്തമായി തുടരുകയാണ്. ഇസ്രയേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് ഹമാസ് കരാറുമായി സഹകരിക്കുമെന്നു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് പ്രതികരണം പുറത്തുവന്നത്. എന്നല്‍, ഇത്തരം ഒരു പദ്ധതിയെക്കുറിച്ചും അറിവില്ലെന്നു ഹമാസ് വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു.

ഇക്കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ ട്രംപ് തിങ്കളാഴ്ച നെതന്യാഹുവുമായി ചര്‍ച്ച നടത്തുമെന്നാണു വിവരം. ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം നിര്‍ത്തില്ലെന്നു നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം 120 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്നും കൂടുതല്‍ ഉള്ളിലേക്കു സൈന്യം പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 74 പേരും കൊല്ലപ്പെട്ടു. ഗാസയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഐഡിഎഫിന്റെ അറബിക് വക്താവും ആവശ്യപ്പെട്ടിട്ടുണ്ട്.

Revealed: US 21-point plan for ending Gaza war, creating pathway to Palestinian state

Back to top button
error: