ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പോലീസ്; കമന്റിട്ട അഞ്ചുപേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു; ഒന്നാം പ്രതിക്കെതിരേ കൂടുതല്‍ തെളിവുകള്‍; ഷാജഹാനെതിരേ കരുതലോടെ നീങ്ങും

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. അപകീര്‍ത്തികരമായ കമന്റ് ഇട്ടവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ചുപേരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളുടെ പോസ്റ്റുകളില്‍ അശ്ലീല കമന്റുകള്‍ ഇട്ടവരുടെ ഫോണാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്.
കേസില്‍ ഒന്നാംപ്രതി ഗോപാലകൃഷ്ണനെതിരെ അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഈ തെളിവുകള്‍ കൂടി ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതേസമയം, കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതോടെ യൂട്യൂബര്‍ കെ.എം. ഷാജഹാനെതിരായ കേസുകളില്‍ കരുതലോടെ നീങ്ങാനാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ തീരുമാനം. കെ.ജെ. ഷൈനിന്റെ രണ്ടാമത്തെ പരാതിയില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഷാജഹാന്റെ തിടുക്കപ്പെട്ട അറസ്റ്റെന്നാണ് സൂചന.
എന്നാല്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്തത് പ്രോസിക്യൂഷന് തിരിച്ചടിയായി. ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പോലും പറയാതെയായിരുന്നു ഷാജഹാന്റെ പോസ്റ്റുകള്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലും നിയോമപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.






