ഇറാനു മുന്നില്‍ ലോകത്തിന്റെ വാതിലുകള്‍ അടയുന്നു; ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും; സഹായിച്ചാല്‍ വന്‍ പിഴ; ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തിരിച്ചടിച്ച് ഇറാന്‍ പ്രധാനമന്ത്രി; വിദേശ പ്രതിനിധികളെ തിരിച്ചു വിളിച്ചു; ആണവ പദ്ധതികളും പുനരാരംഭിച്ചു; എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ പദ്ധതിക്കും തിരിച്ചടിയാകും
റഷ്യന്‍ എണ്ണ വാങ്ങാന്‍ തടസമുണ്ടെങ്കില്‍ ഇറാനില്‍ നിന്നോ വെനിസ്വേലയില്‍ നിന്നോ എണ്ണ വാങ്ങിക്കാം എന്ന നിലപാട് ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ഇത് ഉപരോധത്തോടെ പൂര്‍ണ്ണമായും തടയപ്പെടും. ഇറാന്‍ നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്നുണ്ട്. റഷ്യ, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് ഉപരോധത്തിലാവുന്നത് ആഗോള വിപണിയില്‍ എണ്ണ വില കുതിക്കാന്‍ കാരണമാക്കും

ന്യൂയോര്‍ക്ക്: ആണവപദ്ധതികളുടെ പേരില്‍ ഇറാനു വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവ ബോംബ് വികസിപ്പിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തില്‍ ലോകശക്തികള്‍ 2015ല്‍ ഏര്‍പ്പെടുത്തിയ കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിനു കടുത്ത ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉപരോധം ആക്കംകൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്.
ഇറാന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്തു ഭീഷണിയുണ്ടായാലും സമാധാനപരമായ ആണവ പദ്ധതി തുടരുമെന്നും ആണവോര്‍ജ പദ്ധതികളുടെ തലവന്‍ മുഹമ്മദ് ഇസ്ലാമി പ്രസ്താവനയിറക്കി. വിദേശ സമ്മര്‍ദങ്ങള്‍കൊണ്ട് പദ്ധതി പിന്നോക്കം പോകില്ലെന്നും ഉപരോധമെന്നാല്‍ ‘ആകാശം ഇടിഞ്ഞുവീഴല്‍ അല്ലെന്നും’ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കാത്തതിനാലും അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താത്തതിനാലും എന്ന വിശേഷണത്തോടെ ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഞായറാഴ്ച വീണ്ടും നിലവില്‍ വരും. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിക്കുകയും ടെഹ്റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തുകയും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
2015 ല്‍ ആരംഭിച്ച ഉപരോധമാണ് ഇറാനെതിരെ പുനരാരംഭിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സ്‌നാപ് ബാക്ക് പ്രഖ്യാപിച്ചിരിക്കയാണ്. 2015- ലാണ് ഇറാന്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മ്മനി (P5+1) എന്നിവരുടെ ഇടയില്‍ Joint Comprehensive Plan of Action (JCPOA) അഥവാ ഇറാന്‍ ആണവകരാര്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം, ഇറാന്‍ തന്റെ ആണവ പരിപാടിയില്‍ നിയന്ത്രണം വരുത്തിയാല്‍ അവര്‍ക്ക് മേല്‍ ചുമത്തിയ അന്താരാഷ്ട്ര ഉപരോധങ്ങളും എടുത്തുകളയുക എന്ന നിലപാടായിരുന്നു. ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഏതെങ്കിലും പങ്കാളി രാജ്യം ആരോപിച്ചാല്‍ ഈ കരാര്‍ പൊളിയും എന്നായിരുന്നു നിബന്ധന. സുരക്ഷാ സമിതിയില്‍ വേറൊരു പ്രമേയം പാസാക്കേണ്ടതില്ലാതെ ഇത് സാധ്യമാവും എന്നും ഉപാധി ഉണ്ടായിരുന്നു. ഇതോടെ മുന്‍പ് എടുത്തുകളഞ്ഞിരുന്ന എല്ലാ UN ഉപരോധങ്ങളും ”സ്വയം” വീണ്ടും നിലവില്‍ വരും. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ പ്രൂഫ് ആകുന്നതിനാണ് സ്‌നാപ്പ്ബാക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതായത് ചൈനയ്ക്കും റഷ്യയ്ക്കും ഒറ്റയ്ക്ക് ഉപരോധം തടയാനും കഴിയില്ല.
ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന്റെ റിയാലും തകര്‍ന്നടിഞ്ഞു. യുഎസ് ഡോളറിനെതിേര 1,123,000 എന്ന നിലയിലാണ് റിയാലിന്റെ സ്ഥിതി. ഇനി മുതല്‍ ഇറാന് ആയുധ വ്യാപാരങ്ങളോ യുറേനിയം സമ്പുഷ്ടീകരണമോ നിയമപരമായി സാധ്യമല്ല. ഇറാന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കല്‍, ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിക്ക് ഉപയോഗിക്കുമെന്നു കരുതുന്ന എല്ലാ വസ്തുക്കളുടെയും വിതരണ നിയന്ത്രണം എന്നിവയെല്ലാം ഉപരോധത്തില്‍ ഉള്‍പ്പെടും.
റഷ്യന്‍ എണ്ണ വാങ്ങാന്‍ തടസമുണ്ടെങ്കില്‍ ഇറാനില്‍ നിന്നോ വെനിസ്വേലയില്‍ നിന്നോ എണ്ണ വാങ്ങിക്കാം എന്ന നിലപാട് ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ഇത് ഉപരോധത്തോടെ പൂര്‍ണ്ണമായും തടയപ്പെടും. ഇറാന്‍ നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്നുണ്ട്. റഷ്യ, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് ഉപരോധത്തിലാവുന്നത് ആഗോള വിപണിയില്‍ എണ്ണ വില കുതിക്കാന്‍ കാരണമാക്കും എന്ന് വിലയിരുത്തലുകളുണ്ട്.
ഠ ആണവ പദ്ധതി ഊര്‍ജിതമാക്കി ഇറാന്‍
ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങള്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റില്‍ ഇറാന്‍ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. ഫൊര്‍ഡോയിലും നതാന്‍സിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നതാന്‍സിലേക്ക് വലിയ തുരങ്കം നിര്‍മിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെട്ടിടത്തിന്റെ തെക്കുഭാഗത്തായി കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന നിരവധി വാഹനങ്ങള്‍ കിടക്കുന്നത് കാണാം. നതാന്‍സില്‍ തന്നെ നിലവിലുള്ള കെട്ടിടത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നിര്‍മാണം നടക്കുന്നതായും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇറാന്റെ തന്ത്രപ്രധാന ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നതാന്‍സിലുള്ളത്. ഭൂമിക്കടിയിലേക്ക് വളരെയധികം ആഴത്തില്‍ കുഴിച്ചാണ് പ്ലാന്റ്് സ്ഥാപിച്ചിരിക്കുന്നത്. ജൂണിലെ 12 ദിന യുദ്ധത്തില്‍ ഇസ്രയേലിന് പുറമെ അമേരിക്കയും ഇവിടെ ആക്രമണം നടത്തി. ആക്രമണത്തില്‍ സാരമായ നാശനഷ്ടം കേന്ദ്രത്തിന് സംഭവിക്കുകയും ചെയ്തു.
യുഎസ് സൈന്യം ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷിച്ച ഫൊര്‍ഡോയിലാവട്ടെ പുറമേയ്ക്കുണ്ടായ നാശമെല്ലാം ഇറാന്‍ മറച്ചു കഴിഞ്ഞു. ആറ് വലിയ ഗര്‍ത്തങ്ങളായിരുന്നു ഫൊര്‍ഡോയില്‍ മുന്‍പ് ദൃശ്യമായിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 23 ലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഈ ഗര്‍ത്തങ്ങള്‍ കാണാനില്ല. അതേസമയം, തുരങ്കത്തിലേക്കുള്ള കവാടങ്ങള്‍ ഇപ്പോഴും അടച്ചു വച്ചിരിക്കുകയാണ്. പര്‍വതങ്ങള്‍ക്കിടയില്‍ അതീവ സുരക്ഷിതമായാണ് ഫൊര്‍ഡോ സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഇറാന്‍ പഴയത് പോലെ ആണവ ആയുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി ഐക്യരാഷ്ട്ര സംഘടനയിലെത്തിയും നെതന്യാഹു ആവര്‍ത്തിച്ചു. അതിവേഗത്തിലാണ് ഇറാന്‍ ആണവായുധ നിര്‍മാണത്തിലേക്ക് നീങ്ങിയതെന്നും വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിച്ചുവെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയായി മാറിയെന്നും നെതന്യാഹു പറഞ്ഞു.
ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ഹൂതികളുടെയുമെല്ലാം സംരക്ഷകര്‍ ഇറാനാണെന്നും ഭീകര കേന്ദ്രമാണെന്നും നെതന്യാഹു ആരോപിച്ചു. ഇറാനിലെ സര്‍ക്കാരിനെ പുറത്താക്കാന്‍ അവിടുത്തെ പൗരന്‍മാര്‍ തയാറാകണമെന്നും എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂവെന്നും നെതന്യാഹു യുഎന്നില്‍ പറഞ്ഞു. അതിനിടെ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതും ഐക്യരാഷ്ട്ര സംഘടനയിലെ യോഗത്തില്‍ നിന്ന് ഭൂരിഭാഗം പ്രതിനിധികളും പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. കാലിക്കസേരകളാണ് നെതന്യാഹുവിന് മുന്നില്‍ കൂടുതലും ഉണ്ടായിരുന്നത്.







