തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച് പൊട്ടിച്ച് കൊലപ്പെടുത്തി ; മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടതായി കഥയുണ്ടാക്കാനും നോക്കി

ബംഗലുരു: വിവാഹിതയായ 20 വയസ്സുള്ള യുവതിയെ കാമുകന്‍ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച ശേഷം സ്‌ഫോടനം നടത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ സാലിഗ്രാമ താലൂക്കിലെ ഭെര്യ ഗ്രാമത്തിലെ ഒരു ലോഡ്ജില്‍ വെച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
യുവതിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും അയാളെ പിടികൂടി പോലീസിന് കൈമാറി. ഹുന്‍സൂര്‍ താലൂക്കിലെ ഗെരസനഹള്ളി സ്വദേശിനിയാണ് കൊല്ലപ്പെട്ട രക്ഷിത. കേരളത്തില്‍ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹിതയായിരുന്നു ഇവര്‍. എന്നാല്‍, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമവാസിയായ സിദ്ധരാജുവുമായി പിന്നീട് പ്രണയത്തിലാകുകയും അയാള്‍ക്കൊപ്പം പോകുകയുമായിരുന്നു.
ഇരുവരും ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ, പ്രതി യുവതിയുടെ വായില്‍ സ്‌ഫോടകവസ്തു വെക്കുകയും, ഖനികളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്രിഗര്‍ ഉപയോഗിച്ച് അത് പൊട്ടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള ഒരു വീഡിയോയില്‍, യുവതിയുടെ മൃതദേഹം ഒരു കട്ടിലില്‍ കിടക്കുന്നതായി കാണാം. മുഖത്തിന്റെ താഴത്തെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നുപോയിരുന്നു.
തറയില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. സംഭവത്തിന് ശേഷം യുവതി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചതാണെന്ന് പറഞ്ഞ് ലോഡ്ജിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടി പോലീസിന് കൈമാറി. സാലിഗ്രാമ പോലീസ് സിദ്ധരാജുവിനെ കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം നടന്നുവരികയാണ്. പ്രതിയുടെ അറസ്റ്റ് മൈസൂരു സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) വിഷ്ണു വര്‍ധന എന്‍ സ്ഥിരീകരിച്ചു.






