മറ്റൊരു വിവാഹത്തിനു മോഹം; തടസ്സം നിന്ന കാമുകിയെ യുവാവ് കൊന്ന് ഓടയില്‍ തള്ളി

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഭക്തി ജിതേന്ദ്ര മയേക്കറാണ് (26) കൊല്ലപ്പെട്ട സംഭവത്തില്‍ ദൂര്‍വാസ് ദര്‍ശന്‍ പാട്ടീല്‍ എന്നയാളാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 17 മുതല്‍ ഇവരെ കാണാതായിരുന്നു. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഖണ്ടാലയ്ക്ക് സമീപം യുവതിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. യുവതിയ്ക്ക് അവസാനമായി വന്ന ഫോണ്‍കോളുകള്‍ ദൂര്‍വാസ് ദര്‍ശന്‍ പാട്ടീലിന്റേതായിരുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ദൂര്‍വാസ് ദര്‍ശന്‍ കുറ്റം നിഷേധിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭക്തിയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തി.
മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം അംബ ഘട്ടില്‍ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലില്‍ അംബ ഘട്ടില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ദുര്‍വാസ് ദര്‍ശന്റെ സഹായികളായ വിശ്വാസ് വിജയ് പവാര്‍, സുശാന്ത് ശാന്താറാം നരാല്‍ക്കര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






