പാതിവില സ്കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് എതിരേ കേസ്; തുടര്‍ നടപടി വൈകാതെയെന്ന് പോലീസ്; ഒരാളില്‍നിന്ന് മാത്രം വാങ്ങിയത് 63,500 രൂപ

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
2024ല്‍ ആണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണന് നേതൃത്വം നല്കുന്ന സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈന്‍) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നല്കി. 63,500 രൂപ നല്‍കിയതിന് രസീത് നല്‍കിയെന്നും ഇവര്‍ പറയുന്നു.
രണ്ടു വര്‍ഷമായിട്ടും സ്കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസിന് മൊഴി നല്കി. സുമേഷ്, എ.എന്‍. രാധാകൃഷ്ണന്, രൂപേഷ് മേനോന്, കെ.ടി.ബിനീഷ് എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെയും രാധാകൃഷ്ണന് നേതൃത്വം നല്കുന്ന സന്നദ്ധ സംഘടനയ്ക്കെതിരെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു.
പാതിവില തട്ടിപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും താനും ഇതിന്റെ ഇരയാണെന്നുമായിരുന്നു പരാതി ഉയര്‍ന്ന വേളയില്‍ രാധാകൃഷ്ണന് പറഞ്ഞത്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സ്ഥാപകന്‍ കെ.എന്‍.ആനന്ദ കുമാറുമായുള്ള പരിചയം മൂലമാണ് കോണ്‍ഫെഡറഷനുമായി കരാറിലെത്തിയത്. ആനന്ദകുമാറാണ് അനന്തകൃഷ്ണനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് സാമൂഹ്യ സേവനം എന്ന നിലയില്‍ സ്കൂട്ടറുകളും മറ്റും നല്‍കുന്നതിന് അവര്‍ പറഞ്ഞ ഒരു കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുകയായിരുന്നു.
2024 മാര്‍ച്ച് അഞ്ചിനാണ് കരാര്‍ ഒപ്പുവച്ചത്. തുടര്‍ന്ന് ശേഖരിച്ച പണം മുഴുവന്‍ ഈ കമ്പനിയിലേക്ക് അടച്ചു. എന്നാല്‍ ജൂലൈ മാസത്തോടെയാണ് കോണ്‍ഫെഡറേഷനില്‍ നിന്ന് പിന്മാറുകയാണെന്ന് ആനന്ദകുമാര്‍ അറിയിച്ചത്. എന്നാല്‍ അപ്പോഴേക്കും പിരിച്ച പണം മുഴുവന്‍ അവരെ ഏല്‍പ്പിച്ചിരുന്നതിനാല്‍ പിന്മാറാന് തനിക്ക് സാധിച്ചില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ വിശദീകരണം. സ്കൂട്ടര്‍ വേണ്ടവര്‍ക്ക് അതും പണം തിരികെ വേണ്ടവര്‍ക്ക് അതും നല്‍കുമെന്ന് രാധാകൃഷ്ണന് പറഞ്ഞിരുന്നങ്കിലും ഇത് നടപ്പായില്ല എന്നാണ് പുതിയ പരാതി തെളിയിക്കുന്നത്.
പാതിവില തട്ടിപ്പു കേസില്‍ ആനന്ദ കുമാറും അനന്തുകൃഷ്ണനും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 40,000ത്തിലധികം പേര് വഞ്ചിതരായിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നുമാണ് അന്വേഷകര്‍ പറയുന്നത്. 1300ലധികം കേസുകളാണ് പൊലീസ് നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുളളത്.






