ടാറ്റയും മഹീന്ദ്രയും അടക്കമുള്ളവര്‍ ഉടക്കി; മാരുതി സുസുക്കിക്ക് ഗുണകരമായ മലിനീകരണ നിയന്ത്രണങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍; ഹൈബ്രിഡ് മോഡലുകള്‍ക്ക് പ്രോത്സാഹനം; മലിനീകരണം തടയാനുള്ള കര്‍ശന വകുപ്പുകളുമായി പുതിയ നിയമം ഉടന്‍

ന്യൂഡല്‍ഹി: ചെറു കാറുകള്‍ക്കായി നിശ്ചയിച്ചിരുന്ന ഇന്ധനക്ഷമതാ (fuel-efficiency rules) നിയമങ്ങളിലെ ഇളവുകള്‍ റദ്ദാക്കി ഇന്ത്യ. ഇളവ് ഒരു കമ്പനിക്കു മാത്രമാകും ഗുണം ചെയ്യുകയെന്ന ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ വാദിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റം. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഡ്രാഫ്റ്റില്‍ 909 കിലോഗ്രാമോ അതില്‍ താഴെയോ ഭാരമുള്ള പെട്രോള്‍ കാറുകള്‍ക്ക് ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ ചെറിയ കാര്‍ വിപണിയുടെ 95% നിയന്ത്രിക്കുന്ന മാരുതി സുസുക്കിയെ സഹായിക്കാനാണ് ഈ നീക്കമെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇളവു നീക്കുന്നതിനൊപ്പം മറ്റു മാനദണ്ഡങ്ങള്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം കര്‍ശനമാക്കുകയും ചെയ്തു. ഇത് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ എല്ലാ വാഹന നിര്‍മ്മാതാക്കളിലും സമ്മര്‍ദമുണ്ടാക്കുമെന്ന് ഇതു സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഭാരത്തിനു നല്‍കിയിരുന്ന അമിതമായ ആനുകൂല്യങ്ങള്‍ പുതിയ നിയമങ്ങള്‍ എടുത്തുകളഞ്ഞു. ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരും ഭാരമേറിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരും തമ്മിലുള്ള വിവേചനം ഇല്ലാതാക്കാനും പ്രായോഗികമായ ഇന്ധനക്ഷമത ഉറപ്പാക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. മലിനീകരണം കുറയ്ക്കുന്നതിന് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളും പുതിയ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളെ പ്രോത്സാഹിപ്പിക്കുന്നു
ഇന്ത്യയിലെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഏകദേശം 12% ഗതാഗത മേഖലയാണ് ഉപയോഗിക്കുന്നത്. പെട്രോളിയം ഇറക്കുമതിക്കും കാര്‍ബണ്‍ മലിനീകരണത്തിനും പ്രധാന കാരണം ഇതാണ്. ഗതാഗതവുമായി ബന്ധപ്പെട്ട മലിനീകരണത്തിന്റെ 90 ശതമാനവും പാസഞ്ചര്‍ വാഹനങ്ങളില്‍ നിന്നാണെന്ന് രേഖകള്‍ പറയുന്നു.
കോര്‍പറേറ്റ് ആവറേഷ് ഫ്യുവല്‍ എഫിഷ്യന്‍സി നിയമങ്ങള്‍ അനുസരിച്ചാണു 3500 കിലോയില്‍ താഴെ ഭാരമുള്ള പാസഞ്ചര്‍ കാറുകള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു നിശ്ചയിക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കുന്ന ഈ നിയമങ്ങള്‍, ഇലക്ട്രിക്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (—-), ഫ്‌ലെക്‌സ്-ഫ്യൂവല്‍ തുടങ്ങിയ മെച്ചപ്പെട്ട സാങ്കേതികവിദ്യകളിലേക്ക് മാറാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്നു.
പുതിയ നിയമങ്ങള്‍ 2027 ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷത്തേക്കു പ്രാബല്യത്തില്‍ വരും. വാഹനങ്ങളുടെ എന്‍ജിന്‍ നിര്‍മ്മാണത്തിലും നിക്ഷേപ പദ്ധതികളിലും ഇത് നിര്‍ണായകമാണ്. എന്നാല്‍, നിയമത്തിന് എപ്പോള്‍ അന്തിമ രൂപം നല്‍കുമെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നെന്നു റോയിട്ടേഴ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബറിലെ ഡ്രാഫ്റ്റ് അനുസരിച്ചായിരുന്നെങ്കില്‍ വാഹനത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് ഇന്ധന ഉപഭോഗ ലക്ഷ്യങ്ങളും ഉയരാന്‍ അനുവദിക്കുമായിരുന്നു. ഇത് മഹീന്ദ്ര, ടാറ്റ, വോക്സ്വാഗണ്‍ തുടങ്ങിയ ഭാരമേറിയ കാറുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഗുണകരമാകുമായിരുന്നു. ഈ അസമത്വമാണ് ഇളവ് ഒഴിവാക്കുന്നതിലേക്ക് നയിച്ചത്.
പരിഷ്‌കരിച്ച പ്ലാന്‍ അനുസരിച്ച്, ഭാരമേറിയ വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ കുറച്ചു. ഭാരമേറിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കണമെന്ന് രേഖയില്‍ പറയുന്നു. കൂടുതല്‍ ഇവികളും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും വില്‍ക്കുന്ന കമ്പനികള്‍ക്ക് ‘ക്രെഡിറ്റ്’ സംവിധാനം വഴി പാരിതോഷികങ്ങള്‍ നല്‍കും. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഓരോ കാറിനും ഏകദേശം 550 ഡോളര്‍ വരെ പിഴ ഈടാക്കും.
2032 മാര്‍ച്ച് വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ശരാശരി മലിനീകരണം കിലോമീറ്ററിന് 114 ഗ്രാമില്‍ നിന്ന് 100 ഗ്രാമായി കുറയ്ക്കാനാണ് പരിഷ്‌കരിച്ച പദ്ധതി ലക്ഷ്യമിടുന്നത്. ക്രെഡിറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍, 2032-ഓടെ ഇലക്ട്രിക് മോഡലുകള്‍ ആകെ കാര്‍ വില്‍പ്പനയുടെ 11% എത്തിയാല്‍ ഇത് കിലോമീറ്ററിന് 76 ഗ്രാമായി കുറഞ്ഞേക്കാം.






