ട്രംപ് താരിഫിന് മറുപടി; യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുന്നെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുമെന്ന് ഇന്ത്യ. യുഎസിന്റെ പുതിയ കസ്റ്റംസ് നയങ്ങളെത്തുടര്‍ന്നാണ് നടപടി. 800 ഡോളര്‍ വരെ വില മതിക്കുന്ന കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു. ഈ തീരുവ പിന്‍വലിക്കല്‍ ഓഗസ്റ്റ് 29നാണ് നിലവില്‍ വരുന്നത്.
ഈ സാഹചര്യത്തില്‍ ഏതു മൂല്യത്തിലുള്ള വസ്തുവും യുഎസിലേക്ക് അയയ്ക്കുന്നതിന് ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമുള്ള തീരുവ നല്‍കേണ്ടി വരുമെന്ന് പോസ്റ്റല്‍ വിഭാഗം ഇന്നു പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. അതേസമയം 100 ഡോളര്‍ വരെയുള്ള ഗിഫ്റ്റ് വസ്തുക്കള്‍ക്കുള്ള ഇളവ് തുടരും.
പുതിയ ഉത്തരവു പ്രകാരം ഓഗസ്റ്റ് 25 മുതല്‍ യുഎസിലേക്ക് തപാല്‍ മുഖാന്തിരം അയയ്ക്കുന്ന എല്ലാ വസ്തുക്കളുടെയും ബുക്കിങ് റദ്ദാക്കുമെന്ന് പോസ്റ്റല്‍ വിഭാഗം അറിയിച്ചു. എന്നാല്‍ കത്തുകള്‍, രേഖകള്‍ തുടങ്ങിയവ പതിവുപോലെ തന്നെ തപാലിലൂടെ അയയ്ക്കാനാകുമെന്നും ഉത്തരവില്‍ പറയുന്നു.






