കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; മാന്‍ഹോള്‍ വഴി തിരുകിക്കയറ്റി? വേങ്ങൂര്‍ സ്വദേശിനിയെ കാണാതായതായി പരാതി

എറണാകുളം: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ദേശീയപാതയുടെ അരികില്‍ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്ന കാര്യം അദ്ദേഹം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈദികന്‍ എത്തിയപ്പോള്‍ വര്‍ക്ക് ഏരിയയുടെ ഗ്രില്ല് തകര്‍ന്നതും തറയില്‍ രക്തക്കറയും കണ്ടു. മോഷണശ്രമമെന്നു കരുതി പൊലീസില്‍ അറിയിച്ചിരുന്നു. അന്നു പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയതാണ്.
ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം നടപടികള്‍ക്കു ശേഷം വൈകിട്ട് ആറോടെയാണ് ഓടയുടെ സ്ലാബ് നീക്കി പുറത്തെടുത്തത്. 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാത്രി മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലത സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവു ശേഖരണത്തിനു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.
കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കളെ എത്തിച്ചെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം. പെരുമ്പാവൂര്‍ എഎസ്പിയും മൂവാറ്റുപുഴ ഡിവൈഎസ്പിയും ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു.






