നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരി കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി. പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ നമശിവായത്തിന്റെ രാജിക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്കവാള്‍ എടുത്തതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. മാത്രമല്ല നാല് എംഎല്‍എമാര്‍ രാജിവെച്ചു. ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെയാണ് രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
വി. നാരായണ സ്വാമി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കെ റാവു തിങ്കളാഴ്ചയും കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എ. ജോണ്‍ കുമാര്‍ ചൊവ്വാഴ്ചയും രാജി സമര്‍പ്പിച്ചു. രാജി വച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നാരായണസ്വാമി സര്‍ക്കാരിന് കേവല ഭൂരിപക്ഷമാണ് നഷ്ടമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയും തിരിച്ചടിയായി. അതേസമയം, സസ്‌പെന്‍ഡ് ചെയ്ത നേതാക്കള്‍ ബിജെപിയിലും ചേര്‍ന്നു.
അതേസമയം, ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകള്‍ വേണമെന്നിരിക്കെ നിലവില്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിന് 14 സീറ്റേ ഉള്ളൂ. 3 നോമിനേറ്റഡ് അംഗങ്ങളുള്‍പ്പെടെ 33 അംഗങ്ങളാണ് നിയമസഭയില്‍. നിലവില്‍ കോണ്‍ഗ്രസ്11, ഡിഎംകെ 3, മാഹിയില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് ഭരണ മുന്നണിയുടെനില. എന്‍ആര്‍ കോണ്‍ഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 (നോമിനേറ്റഡ്) സഖ്യമാണ് പ്രതിപക്ഷത്ത്. 3 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2016 ല്‍ 30 അംഗ നിയമസഭയില്‍ 15 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്.