KeralaNEWS

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ല; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്കാണ് യോഗം. ധനമന്ത്രി ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുക്കും. ക്ഷേമപെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ കാര്യക്ഷമമായ നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിക്കുന്നവരുടെ അര്‍ഹത നിശ്ചിത ഇടവേളകളില്‍ പരിശോധിക്കും.

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ അനര്‍ഹരെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസെടുക്കും. കോട്ടക്കലിലെ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ വ്യക്തത വരണമെന്നും അതിനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

Signature-ad

അതിനിടെ, കോട്ടക്കല്‍ നഗരസഭയില്‍ മാത്രമാണ് പെന്‍ഷന്‍ ക്രമക്കേട് നടന്നത് എന്ന വാദം ശരിയല്ലെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ. കെ നാസര്‍ ആവശ്യപെട്ടു. ബിജെപി കൗണ്‍സിലറും ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് ഏഴാം വാര്‍ഡില്‍ അനര്‍ഹരായവര്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിച്ചതെന്ന ആരോപണം അന്വേഷിക്കണമെന്നും കെ.കെ നാസര്‍ പറഞ്ഞു.

അതേസമയം, പണം പലിശസഹിതം തിരിച്ചുപിടിക്കാനും കടുത്ത അച്ചടക്ക നടപടിക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം വകുപ്പ് മേധാവികള്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കും. പരാതികള്‍ ലഭിച്ചാല്‍ ക്രിമിനല്‍ നടപടിക്ക് നിയമോപദേശം തേടും.

ക്ഷേമപെന്‍ഷന്‍ തട്ടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ധനവകുപ്പ് പുറത്തുവിട്ടതോടെ തദ്ദേശവകുപ്പും പ്രതിക്കൂട്ടിലായി. അര്‍ഹരായവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹത ഇല്ലെന്നിരിക്കെ, മറിച്ച് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

സര്‍വീസില്‍ ഇരിക്കെ, പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകള്‍ ചെയ്യാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന ചട്ടവും ചുമത്തും. ഓരോ വര്‍ഷവും മസ്റ്ററിങ് നടത്തി ക്ഷേമപെന്‍ഷന്‍ വാങ്ങിപ്പോന്നതിനാല്‍ അറിയാതെ സംഭവിച്ചതാണെന്ന ന്യായീകരണം നിലനില്‍ക്കില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: