CrimeNEWS

കൈക്കൂലി വാങ്ങാന്‍ പുതുവഴി, കോഴ ക്യാഷ് മെഷീനിലൂടെ; വൈക്കം ഡെപ്യൂട്ടി തഹസില്‍ദാരെ കൈയോടെ പിടികൂടി

കോട്ടയം: അഴിമതിരഹിത ഭരണമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ കോഴയ്ക്ക് ശമനമില്ല. നേരിട്ട് കോഴപ്പണം കൈപ്പറ്റാത്ത ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഇന്നലെ എ.ടി.എം കേന്ദ്രത്തില്‍വച്ച് പിടിയിലായത് ഏറ്റവും ഒടുവിലത്തെ സംഭവം. വൈക്കം ഡെപ്യൂട്ടി തഹസില്‍ദാരായ വൈക്കം ആലത്തൂര്‍ തുണ്ടത്തില്‍ ടി.കെ.സുഭാഷ് കുമാറാണ് (54) പിടിയിലായത്.

പ്രവാസിയായ പരാതിക്കാരന്‍ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാന്‍ മുളക്കുളം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, 11 സെന്റ് മാത്രമാണ് പോക്കുവരവ് ചെയ്തു നല്‍കിയത്. പോക്കുവരവ് പൂര്‍ത്തിയാക്കാന്‍ വൈക്കം താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയപ്പോള്‍, സുഭാഷ്‌കുമാര്‍ 60,000 രൂപ ആവശ്യപ്പെട്ടു. പ്രവാസി വിജിലന്‍സില്‍ പരാതി നല്‍കി.

Signature-ad

വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം ആദ്യ ഗഡുവായ 25,000 രൂപയുമായി എത്തിയപ്പോള്‍, ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. പദ്ധതി പാളുമെന്ന് തിരിച്ചറിഞ്ഞ പ്രവാസി ഗൂഗിള്‍ പേ അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍, എ.ടി.എം കേന്ദ്രത്തിലുള്ള സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. അതും അറിയില്ലെന്ന് പറഞ്ഞപ്പോള്‍, സഹായിക്കാമെന്നായി ഡെപ്യൂട്ടി തഹസീല്‍ദാര്‍. ഇരുവരും ഓഫീസിനു സമീപത്തെ സി.ഡി.എമ്മില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങവേ, ഡിവൈ.എസ്.പി. വി.ആര്‍. രവികുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

റവന്യൂ വകുപ്പില്‍ ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് തെല്ലും കുറവില്ല. കഴിഞ്ഞ വര്‍ഷം 76 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോക്കുവരവ്, ഭൂമി തരംമാറ്റം, ക്വാറിയ്ക്കുള്ള സ്ഥല പരിശോധന , വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് കോഴചോദിക്കുന്നത്. നിയമസഭയില്‍ മന്ത്രി കെ.രാജന്‍ നല്‍കിയ മറുപടി പ്രകാരം ഏഴുവര്‍ഷത്തിനിടെ വകുപ്പ്തല നടപടിക്ക് വിധേയരായത് 281 ഉദ്യോഗസ്ഥര്‍. 124 പേര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്.

Back to top button
error: