തിരുവനന്തപുരം: ഗര്‍ഭധാരണത്തെ സഹായിക്കാനായി മരുന്നുകള്‍ കഴിച്ച വിവരം ദേശീയ ആന്റി ഡോപ്പിംഗ് ഏജന്‍സിയെ അറിയിച്ചിട്ടും, തന്നെ ഉത്തേജക മരുന്നടിയുടെ പേരില്‍ താത്കാലികമായി വിലക്കിയ നടപടിയുടെ സങ്കടത്തിലാണ് 2018ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ മലയാളി അത്‌ലറ്റ് വി.കെ വിസ്മയ.
കഴിഞ്ഞ ആഗസ്റ്റ് 15ന് മത്സരസമയത്തല്ലാതെ നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ സാമ്പിളില്‍ ക്ലോമിഫൈന്‍ എന്ന മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യത്തെ ഗര്‍ഭം അലസിപ്പോയതിനാല്‍ വീണ്ടും ഗര്‍ഭധാരണത്തിന് വേണ്ടി താന്‍ ചികിത്സയിലായിരുന്ന കാര്യം വിസ്മയ നാഡയെ അറിയിക്കുകയും കഴിച്ച മരുന്നുകളുടെ പട്ടികയും ഡോക്ടറുടെ കുറിപ്പടിയും കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ പരിശോധനയില്‍ പരാജയപ്പെട്ടതായി മെയില്‍ അയയ്ക്കുകയാണ് നാഡ ചെയ്തത്.
രണ്ട് വര്‍ഷത്തേക്കുവരെ വിലക്ക് വരാവുന്ന കുറ്റമാണെന്നാണ് നാഡ അറിയിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് തായ്‌പേയ്യില്‍ നടന്ന മീറ്റിലാണ് വിസ്മയ അവസാനമായി ട്രാക്കിലിറങ്ങിയത്. അതിന് ശേഷമാണ് ചികിത്സ തേടിയത്. ആര്‍ത്തവചക്രം ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് ഡോക്ടര്‍ നല്‍കിയത്. ചികിത്സയ്ക്ക് ഫലമുണ്ടായി ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭകാല ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുന്നതിനാല്‍ വിശ്രമത്തിലുമാണ്. ഭര്‍ത്താവ് ആനന്ദ് ആര്‍മിയിലാണ്.
കായിക രംഗത്തുള്ളവര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ഉത്തേജക അംശങ്ങള്‍ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതില്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യമറിയിച്ച് ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ വിലക്കില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍, അടിയന്തര ആവശ്യങ്ങള്‍ക്ക് ഒഴിവാക്കിയിട്ടുള്ള മരുന്നുകളുടെ പട്ടികയില്‍ വിസ്മയ കഴിച്ച മരുന്നുകളില്ല. ഗര്‍ഭധാരണം അടിയന്തിര ആവശ്യമല്ല എന്നാണ് ഡോപ്പിംഗ് ഏജന്‍സി പറയുന്നത്.