KeralaNEWS

എസ്എഫ്‌ഐയില്‍നിന്ന് ബിജെപി വഴി കോണ്‍ഗ്രസിലേക്ക്; സന്ദീപിനി കൈപ്പത്തി ‘വാരിയര്‍’

പാലക്കാട്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളില്‍ സജീവമായി പങ്കെടുത്ത ബാല്യമായിരുന്നു സന്ദീപ് വാരിയരുടേത്. സമര യൗവന കാലത്ത് സന്ദീപ് കറകളഞ്ഞ എസ്എഫ്‌ഐക്കാരന്‍. ഇടതുപക്ഷ ചിന്താഗതിക്കാരനായ അച്ഛന്‍ ഷൊര്‍ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. ചെത്തല്ലൂര്‍ എന്‍എന്‍എന്‍എം യുപി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന അമ്മയാകട്ടെ കോണ്‍ഗ്രസുകാരിയും. അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യന്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ തുടങ്ങി. കംപ്യൂട്ടര്‍ ഡിപ്ലോമാധാരിയായ സന്ദീപ് കംപ്യൂട്ടര്‍ വഴി തന്നെയാണ് സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവര്‍ത്തകരുടെ ആരാധാനാപാത്രമാകുന്നത്. സമൂഹമാധ്യമത്തിലെ എഴുത്തും ഭാഷാ പ്രയോഗവും സന്ദീപിനെ അതിവേഗം വളര്‍ത്തി.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സന്ദീപിന്റെ എഴുത്തുകള്‍ സമൂഹമാധ്യമങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ ഒന്നാകെ ഏറ്റെടുത്തു. വൈകാതെ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ബിജെപിയുടെ മുഖമായി സന്ദീപ് വാരിയര്‍ മാറി. രാഷ്ട്രീയത്തില്‍ സന്ദീപിന്റേത് പെട്ടെന്നുള്ള വളര്‍ച്ചയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ സന്ദീപിന്റെ വളര്‍ച്ചയില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 ാം വയസ്സില്‍ ഷൊര്‍ണൂരില്‍ നിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2020ല്‍ പാര്‍ട്ടിയുടെ സംസ്ഥാന വക്താവായ സന്ദീപ്, യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി, ബിജെപി വീവേഴ്‌സ് സെല്‍ ദേശീയ നിര്‍വാഹക സമിതി അംഗം, ഓള്‍ ഇന്ത്യ ഹാന്‍ഡ് ലൂം ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ അണികള്‍ ആവേശത്തോടെ ലൈക്കടിച്ച് വരുന്നതിനിടെയാണ് വിവാദങ്ങളുടെ തുടക്കം.

Signature-ad

ഹലാല്‍ വിവാദത്തോടെ പാര്‍ട്ടി നേതൃത്വവും സന്ദീപ് വാരിയരും അകന്നു തുടങ്ങി. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നത് നിസ്സാര കാര്യമല്ലെന്നും, പിന്നില്‍ കൃത്യമായ അജന്‍ഡയുണ്ടെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം. ഹലാല്‍ വിവാദം സംസ്ഥാന ബിജെപി കത്തിച്ചുവരുന്നതിനിടെ സന്ദീപ് വാരിയരുടെ പോസ്റ്റ് നേതൃത്വത്തെ വെട്ടിലാക്കി. വികാരമല്ല, വിവേകമാണ് ഇത്തരം വിവാദങ്ങളില്‍ നയിക്കേണ്ടതെന്നായിരുന്നു സന്ദീപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ”ഹിന്ദുവിനും മുസ്ലീമിനും പരസ്പരം ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല. സ്ഥാപനം തകര്‍ക്കാന്‍ ഒരു പോസ്റ്റ് മതിയാകും, പക്ഷേ സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാകുന്നത് അനേകം പേരാണ്” എന്നായിരുന്നു സന്ദീപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. പോസ്റ്റിനു പൊതുസമൂഹത്തില്‍ വലിയ കയ്യടി കിട്ടിയെങ്കിലും ബിജെപിയില്‍ എതിര്‍പ്പുയര്‍ന്നു. ഇതോടെ സന്ദീപിനു പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.

ഇതിനു പിന്നാലെ ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി. സന്ദീപ് വാരിയര്‍ക്കെതിരെ ഗൗരവമേറിയ പരാതികള്‍ നേതൃത്വത്തിന് കിട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വ്യക്തിപരമായ വിവാദങ്ങളില്‍ അടക്കം ചെന്നുപെട്ട സന്ദീപിനെ വക്താവ് സ്ഥാനത്ത് നിന്നും നീക്കി. ആദ്യം രാജ്യം, രണ്ടാമത് പാര്‍ട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട് എന്നായിരുന്നു അന്ന് സന്ദീപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ സന്ദീപ് വാരിയരെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും ഉള്‍പ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയുടെ സഹ പ്രഭാരി സ്ഥാനം വഹിച്ച സന്ദീപ് സുരേന്ദ്രനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

സന്ദീപ് പാലക്കാട് സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്നു. സി.കൃഷ്ണകുമാറിനു പകരം സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥിയായി എത്തിയതോടെ സന്ദീപ് ബിജെപിയുമായി മാനസികമായി അകന്നു. കണ്‍വന്‍ഷന് കസേര ലഭിക്കാതെ ആയതോടെ അകല്‍ച്ച സമ്പൂര്‍ണമായി. അപ്പോഴേക്കും സന്ദീപിനെ വരവേല്‍ക്കാന്‍ കസേരയുമായി സിപിഎമ്മും സിപിഐയും തയാറായിരുന്നു. എന്നാല്‍ ക്ലൈമാക്‌സില്‍ സന്ദീപ് വന്നിരുന്നതാകട്ടെ കോണ്‍ഗ്രസിന്റെ കസേരയിലും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: