ആലപ്പുഴ: കൊറിയറിലൂടെ അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടായിരുന്നെന്നും കൊറിയര്‍ അയച്ച യുവതിയുടെ ബാങ്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാലുലക്ഷം രൂപ. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടൂരിലാണ് സംഭവം. റിട്ട. എസ്.ഐയുടെ മകളും പോലീസ് ഇന്‍സ്പക്ടറുടെ ബന്ധുവുമായ യുവതിയാണ് തട്ടിപ്പിനിരയായത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ സ്വദേശിനിയായ 34 കാരിയാണ് തട്ടിപ്പിന് ഇരയായത്.
ഇവര്‍ കൊറിയര്‍ മുഖാന്തരം അയച്ച കവറില്‍ എം.ഡി.എം.എ. ഉണ്ടെന്നും മുഹമ്മദാലി എന്നയാള്‍ ഇവരുടെ വ്യക്തിവിവരങ്ങള്‍ എടുത്ത് വിവിധ ബാങ്കുകളിലായി ഇരുപതോളം അക്കൗണ്ടുകള്‍ തുടങ്ങിയതായും തട്ടിപ്പുസംഘം യുവതിയെ വിളിച്ചറിയിച്ചു. നിയമനടപടികളില്‍നിന്ന് രക്ഷനേടാന്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം ഉടന്‍ പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ഉടന്‍ റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഭീഷണിയില്‍ വീണ യുവതി തട്ടിപ്പുസംഘം നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപവീതം രണ്ടുതവണയായി നിക്ഷേപിച്ചു.
പിന്നീടാണ് തട്ടിപ്പാണെന്നു മനസ്സിലായത്. ഇതരസംസ്ഥാനക്കാരന്റെ പേരിലുള്ളതാണ് പണമയച്ച അക്കൗണ്ട് നമ്പര്‍. റിസര്‍വ് ബാങ്കിന് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്നുപോലും അന്വേഷിക്കാന്‍ മെനക്കെടാതിരുന്ന യുവതി ഭീഷണി സംബന്ധിച്ച് ആരോടും പറഞ്ഞില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്തു.