NEWSPravasi

രണ്ടു നാള്‍ മരണവുമായി മല്ലിട്ട അബിന്‍ മത്തായി വിധിക്ക് കീഴടങ്ങി; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില്‍ യുകെ മലയാളികള്‍

ലണ്ടന്‍: യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്ബേണില്‍ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റില്‍ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. നഴ്സിങ് ഹോമില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ ലോഫ്റ്റില്‍ റിപ്പയര്‍ ജോലിക്കായി കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ തലക്ക് ഗുരുതര പരുക്കേറ്റ അബിനെ ആശുപത്രിയില്‍ എത്തിച്ച് അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ തുടരവേയാണ് അന്ത്യം. മൂന്ന് ദിവസം മുന്‍പായിരുന്നു അപകടം. അപകട വിവരമറിഞ്ഞു സഹോദരന്‍ കാനഡയില്‍ നിന്നും ഇന്നലെ യുകെയിലെത്തിയിരുന്നു.

Signature-ad

നഴ്സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് അബിനും ഭാര്യയും യുകെയില്‍ എത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. വെള്ളാശേരി വെട്ടുവഴിയില്‍ മത്തായിയുടെ മകനാണ്. ഭാര്യ: ഡയാന. മക്കള്‍: റയാന്‍, റിയ. സംസ്‌കാരം പിന്നീട്.

അതിനിടെ, പുതുതായി യുകെയില്‍ എത്തുന്ന മലയാളി യുവാക്കള്‍ ജോലി സ്ഥലങ്ങളില്‍ പരിചിതം അല്ലാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായ അപകടത്തില്‍ പെടുന്നു എന്ന കാര്യവും ഓര്‍മ്മിപ്പിക്കുകയാണ് ബ്ലാക്ക്ബേണ്‍ അപകടം. ഇക്കഴിഞ്ഞ ജൂണില്‍ അങ്കമാലിയിലെ കാലടി സ്വദേശിയായ റീഗന്‍ എന്ന യുവാവ് ബെഡ്‌ഫോര്‍ഡ്ഷയറിലെ സാന്‍ഡി എന്ന സ്ഥലത്തുള്ള വെയര്‍ഹൗസ് ജോലിക്കിടെ ഉള്ള അപകടത്തില്‍ മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബെല്‍ഫാസ്റ്റിലെ ബിനോയ് അഗസ്റ്റിന്‍, മെയ്ഡസ്റ്റോണിലെ പോള്‍ ചാക്കോ, സ്‌പോള്‍ഡിങ്ങിലെ അഥീന ജിനോ, സ്റ്റോക്ക്‌പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ എന്നിവരുടെ അകാല വിയോഗ വാര്‍ത്തകള്‍ക്കിടെയാണ് അബിന്റെ മരണവും ബ്രിട്ടീഷ് മലയാളികളെ തേടി എത്തിയത്.

Back to top button
error: