പാലക്കാട്: സന്ദീപ് വാര്യര്‍ക്ക് ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തി ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ്. 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി മണികണ്ഠനാണ് പാര്‍ടി വിട്ടത്. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് മണികണ്ഠന് പാര്‍ട്ടി വിട്ടത്.
സി കൃഷ്ണകുമാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് മണികണ്ഠന് ആരോപിച്ചിരുന്നു. പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുന്നുവെന്നാണ് പരാതി. പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും കോക്കസ് ഉണ്ടെന്ന് ആരോപിച്ച മണികണ്ഠന്, സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു.
സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം
അതേസമയം, നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസിന്റെ ശ്രമം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് എത്തിയതിന് പിന്നാലെ, ആര്‍എസ്എസ് വിശേഷസമ്പര്‍ക്ക് പ്രമുഖ് എ ജയകുമാര്‍ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായെന്നാണ് വിവരം. ബിജെപിയില്‍ നിന്ന് വിട്ടുപോകുമെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു.