Breaking NewsIndiaLead NewsNEWSNewsthen SpecialWorld

കിമ്മിനൊപ്പം കുസുംസാന്‍ കൊട്ടാരത്തില്‍ മകള്‍; ഉത്തരകൊറിയയില്‍ അധികാര കൈമാറ്റമെന്ന് സൂചന; അച്ഛനെപ്പോലെ മകളും നിഗൂഢതകളുടെ രാജകുമാരി! പേരും പ്രായവും മുതല്‍ വിദ്യാഭ്യാസം വരെ അതീവ രഹസ്യം; സ്‌കൂളുകളിലോ സ്ഥാപനങ്ങളിലോ പഠിച്ചതിനും തെളിവില്ല

സോള്‍: ഈ ലോകത്ത് നിഗൂഢതകളുടെ അധികാരിയെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ്. ഉന്നിന്റെ സകല വിവരങ്ങളും അതീവ രഹസ്യമായാണു സൂക്ഷിക്കുന്നത്. അടുത്തിടെ ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെ പൊഴിഞ്ഞുവീണ രോമം മുതല്‍ വിരലടയാളം പോലും ബാക്കിവയ്ക്കാതെ അദ്ദേഹം താമസിച്ചിരുന്ന മുറി ക്ലീന്‍ ക്ലീനാക്കിയിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ഡിഎന്‍എ സാമ്പിളുകള്‍ പോലും ആര്‍ക്കും ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. എല്ലാ പ്രവൃത്തികളിലും അതീവ രഹസ്യം സൂക്ഷിക്കുന്ന വ്യക്തി.

കിമ്മിന് ശേഷം ഉത്തരകൊറിയ ആരുടെ കൈകളിലേക്കായിരിക്കും എത്തുന്നത് എന്നത് എന്നും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. നിലവില്‍ അതിന് ഒരു പേരുമാത്രമേ ഉയര്‍ന്നു കേള്‍ക്കുന്നുള്ളൂ… ‘കിം ജു എ’, കിം ജോങ് ഉന്നിന്റെ മകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തില്‍ കിം ജു ഏയും പങ്കെടുത്തിരുന്നു. വീണ്ടും വീണ്ടും കിമ്മിനൊപ്പം കിം ജുഏ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കിമ്മിന്റെ പിന്‍ഗാമിയായിരിക്കും ഈ മകളെന്ന അഭ്യൂഹങ്ങള്‍ക്കും ശക്തി പകരുകയാണ്.

Signature-ad

ഏറ്റവും ഒടുവിലായി, ജനുവരി ഒന്നിന് പിതാവിനൊപ്പം കുംസുസാന്‍ കൊട്ടാരത്തില്‍ കിം ജു എ എത്തിയതാണ് ചര്‍ച്ചയാകുന്നത്. ഉത്തരകൊറിയയുടെ സ്ഥാപകനേതാക്കളുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ഇടം സന്ദര്‍ശിക്കുക എന്നത് കേവലം ഒരു കുടുംബ ചടങ്ങല്ല; മറിച്ച് അത് അധികാര കൈമാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത് കിം ജു എ രാജ്യത്തിന്റെ നാലാം തലമുറ സ്വേച്ഛാധിപതിയാകാന്‍ തയ്യാറെടുക്കുകയാണെന്നാണ്.

വിശകലന വിദഗ്ധരുടെയും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഈ ഊഹാപോഹങ്ങള്‍ ഉറപ്പിച്ച മട്ടാണ്. കിം ജു എയുടെ ആദ്യ കുംസുസാന്‍ പൊതു സന്ദര്‍ശനത്തെ വരാനിരിക്കുന്ന ഭരണകക്ഷി കോണ്‍ഗ്രസിന് മുന്നോടിയായി, പിന്‍ഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള നടപടിയായാണ് സെജോങ് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കിലെ വൈസ് പ്രസിഡന്റായ ചിയോങ് സിയോങ്-ചാങ് കരുതുന്നത്.

കിമ്മിനെപ്പോലെതന്നെ നിഗൂഢതകള്‍ മകളെ ചുറ്റപ്പറ്റിയുമുണ്ട്. കിം ജു ഏ എന്ന പേരും പോലും യഥാര്‍ഥമാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ ഡെന്നിസ് റോഡ്മാനാണ് കിം ജോങ് ഉന്നിന്റെ മകളെ ജു എ എന്ന് വിശേഷിപ്പിച്ചത്. പിന്നീടങ്ങോട്ട് ആ പേരില്‍ രാജ്യാന്തര മാധ്യമങ്ങളും ആ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചു.

കിം ജോങ് ഉന്നിന്റെയും ഭാര്യ റി സോള്‍ ജുവിന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ് കിം ജുഏ. പേര് മാത്രമല്ല അവളുടെ പ്രായവും ഇന്നും അജ്ഞാതമാണ്. എങ്കിലും 2010 ന്റെ തുടക്കത്തിലാണ് ജു എ ജനിച്ചത് എന്നാണ് കരുതുന്നത്. കിമ്മിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാള്‍. കിമ്മിന്റെ മക്കളില്‍ പൊതുമധ്യത്തില്‍ ഒരേയൊരാളും ജുഏയാണ്. ഏതെങ്കിലും സ്‌കൂളുകളിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജു എ പഠിച്ചതിന് യാതൊരു സ്ഥിരീകരണവുമില്ല.

2022 നവംബറില്‍ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ പരീക്ഷണ വിക്ഷേപണ വേളയിലാണ് കിം ജോങ് ഉന്നിന്റെ മകളെ ലോകം ആദ്യമായി കണ്ടത്. അതിനുശേഷം ഒട്ടേറെ പൊതുപരിപാടികളില്‍ മകള്‍ കിമ്മിനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അടക്കം 25 ലോകനേതാക്കള്‍ പങ്കെടുത്ത ചൈനയിലെ ചടങ്ങില്‍ കിം ജോങ് ഉന്‍ മകളെയും കൂടെക്കൂട്ടിയത് രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Kim Jong-un’s daughter visits state mausoleum, fuelling speculation she will be next North Korean ruler

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: