KeralaNEWS

സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം

പാലക്കാട്: സംസ്ഥാനസമിതിയംഗം സന്ദീപ് വാര്യര്‍ നടത്തിയ പരസ്യപ്രതികരണത്തില്‍ കരുതലോടെ നീങ്ങാന്‍ ബി.ജെ.പി. നേതൃത്വം. സന്ദീപ് വാര്യര്‍ പാര്‍ട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഉടനെ ശക്തമായ നടപടി ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിലെ നിലപാടുകള്‍കൂടി പരിശോധിച്ചായിരിക്കും സംസ്ഥാനനേതൃത്വം അന്തിമതീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ.എസ്. രാധാകൃഷ്ണന്‍, പി. രഘുനാഥ്, പത്മജാ വേണുഗോപാല്‍, പി. സുധീര്‍, വി.ടി. രമ തുടങ്ങിയവര്‍ തിങ്കളാഴ്ച പാലക്കാട്ടുതന്നെയുണ്ടായിരുന്നു. സന്ദീപ് വാര്യരുടെ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നില്ലെങ്കിലും ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. നടപടി വേണമെന്നുതന്നെയാണ് ഒട്ടുമിക്ക നേതാക്കളുടെയും അഭിപ്രായമെന്നാണ് സൂചന.

Signature-ad

പ്രചാരണത്തില്‍ സജീവമായി രംഗത്തിറങ്ങിയ ആര്‍.എസ്.എസിന് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിലപാടായിരുന്നു. തത്കാലം വിവാദങ്ങള്‍ വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി. നേതാക്കള്‍ക്കും.

ഇതിനാല്‍ ജില്ലാനേതൃത്വവും വിഷയം കാര്യമായി ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. അതേസമയം, സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് എത്തിക്കുന്നതിനുള്ള ആലോചനകള്‍ സജീവമായതായാണ് സൂചന. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനും സംസ്ഥാനകമ്മിറ്റിയംഗം മന്ത്രി എം.ബി. രാജേഷും സന്ദീപിനെക്കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞത് ഇതിന്റെ സൂചനയായാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: