ഭാര്യയുടെ ‘കുടി’ കൊണ്ട് പൊറുതിമുട്ടി നവവരന്‍; തന്നെയും കുടിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി
ലഖ്‌നൗ: ഭാര്യയുടെ മദ്യപാനം സഹിക്കാന്‍ വയ്യെന്നും തന്നെയും നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള യുവാവാണ് പരാതിക്കാരന്‍. ഭാര്യയെ കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് യുവാവ് അറിയിച്ചത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗണ്‍സിലിംഗ് നല്‍കാന്‍ ആരംഭിക്കുകയും ചെയ്തത്.
ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തു.
രണ്ട് മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടും അവള്‍ എല്ലാ ദിവസവും മദ്യപിക്കാന്‍ തുടങ്ങി. യുവാവിനെയും നിര്‍ബന്ധിച്ചു. തനിക്ക് കുടിക്കാന്‍ ഇഷ്ടമല്ല. പിന്നാലെയാണ് ഭാര്യയെ വീട്ടില്‍ കൊണ്ടുവിടേണ്ടിവന്നതെന്നും യുവാവ് പറഞ്ഞു.
ദമ്പതികളോട് സംസാരിച്ചതിന് പിന്നാലെ കൗണ്‍സിലര്‍ വീട്ടുകാരുടെകൂടി സാന്നിധ്യത്തില്‍ ഇവരുടെ പ്രശ്‌നം പരിഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും, ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് തന്നെ താമസിക്കാന്‍ തീരുമാനിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.