KeralaNEWS

കേരളം കരയുന്നു: വയനാട് ദുരന്തത്തിൽ മരണം 283,  മുഖ്യമന്ത്രി നാളെ വയനാട്ടിൽ; സര്‍വകക്ഷിയോഗം രാവിലെ

    വയനാട് ജില്ലയിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നാളെ (ആഗസ്റ്റ് 1) മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 283 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും 200ലേറെപ്പേരെ കാണാതായി എന്നും അധികൃതർ അറിയിച്ചു. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. സൈന്യം കഴിഞ്ഞ ദിവസം  നിർമിച്ച  നടപ്പാലവും മുങ്ങി.

Signature-ad

മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽനിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്നും ഭക്ഷണ വണ്ടികൾ ഉൾപ്പെടെ പൊലീസ് തടയുന്നു എന്നും ആരോപിച്ചായിരുന്നു വാക്കേറ്റം. 9 മന്ത്രിമാർ വയനാട്ടിലുണ്ട്. 2 ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. .

വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലും കഴിയുവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ  അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാംപിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും   മാറണമെന്നു കലക്ടർ അറിയിച്ചു.
മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി പോകണമെന്നു കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതിനിടെ ദുരന്തബാധിതരെ സഹായിക്കാന്‍ വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ മുന്നോട്ടു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമന്‍ എന്നിവര്‍ 5 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പ് 5 കോടി രൂപ സഹായ വാഗ്ദാനം നല്‍കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ച 5 കോടി രൂപ ഇന്ന് കൈമാറി. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും.

Back to top button
error: