KeralaNEWS

റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത നിയന്ത്രണം: ഇന്ന് 8 ജില്ലകളിൽ വിദ്യാഭ്യാസ അവധി, 4 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 4 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Signature-ad

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ, ട്യൂഷൻ ക്ലാസുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

കനത്ത മഴയും വെള്ളക്കെട്ടും മൂലം  കുന്നംകുളം- തൃശൂർ സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചൂണ്ടൽ മുതൽ തൃശൂർ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളിൽ സംസ്ഥാനപാതയിൽ വെള്ളം കയറിയതോടെയാണ് ഗതാഗതം നിരോധിച്ചത്. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞു താഴുന്നുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Back to top button
error: