IndiaNEWS

അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ കാനഡയിലും അമേരിക്കയിലും

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തം, അപകടം, ആരോഗ്യകാരണങ്ങള്‍, എന്നീ കാരണങ്ങളിലെല്ലാം മരിച്ചവരുടെ ആകെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്.

41 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയാണ് മുന്നില്‍. 172 പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കാനഡയില്‍ മരിച്ചത്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 108 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ മരിച്ചു. ആകെ മരണങ്ങളില്‍ 19 പേര്‍ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പത് പേര്‍ കാനഡയിലും ആറ് പേര്‍ ആമേരിക്കയിലുമാണ് ആക്രമിക്കപ്പെട്ടത്. ഒരോ ആള്‍ വീതം ചൈനയിലും യുകെയിലും കിര്‍ഗിസ്ഥാനിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.

Signature-ad

കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് കണക്ക് പുറത്തുവിട്ടത്. യുകെയില്‍ വച്ച് 58 വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയില്‍ 37 പേരും ജര്‍മ്മനിയില്‍ 24 പേരും മരിച്ചു. പാക്കിസ്ഥാനിലും ഒരു മരണം സംഭവിച്ചിട്ടുണ്ടെന്നും പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ സര്‍ക്കാരിന്റെ മുന്‍ഗണനയാണെന്ന് പറഞ്ഞ സിങ് ഇന്ത്യന്‍ മിഷന്‍സ് വിദേശത്ത് പഠനാവശ്യങ്ങള്‍ക്ക് പോകുന്ന വിദ്യാര്‍ത്ഥികളുമായി നിരന്തര സമ്പര്‍ക്കം നിലനനിര്‍ത്തുന്നുണ്ടെന്നും വ്യക്തമാക്കി.

വിദേശത്തേക്ക് പഠനാവശ്യങ്ങള്‍ക്കായി പോകുന്ന വിദ്യാര്‍ത്ഥികള്‍ MADAD പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതുവഴി വിദേശത്തുള്ള വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനും സമയബന്ധിതമായി പരിഹരിക്കാനാകുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 48 വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. എന്നാല്‍ കാരണം ഇതുവരെയും അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

അനധികൃത തൊഴില്‍, ക്ലാസുകളില്‍ നിന്ന് അനധികൃതമായി പിന്‍വലിയല്‍, പുറത്താക്കല്‍, സസ്‌പെന്‍ഷന്‍, ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) തൊഴില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടല്‍ എന്നിവയാകാം കാരണമെന്നും ഇത് വിസ റദ്ദാക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Back to top button
error: