KeralaNEWS

ക്രിസ്ത്യാനികളെ പരിഹസിക്കുന്നതെന്ന് വിമര്‍ശനം; മോദിക്കെതിരായ ട്രോള്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് കോണ്‍ഗ്രസിന്റെ കേരള ഘടകം പിന്‍വലിച്ചു. ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെ ട്രോള്‍ രൂപത്തില്‍ എക്‌സില്‍ പങ്കുവച്ചതാണ് പിന്‍വലിച്ചത്. ട്രോള്‍ ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന ബിജെപി നേതാക്കളുടെ വിമര്‍ശനത്തെത്തുടര്‍ന്നാണ് നടപടി.

മാര്‍പാപ്പയുടെയും മോദിയുടെയും ചിത്രം, ‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയായിരുന്നു കോണ്‍ഗ്രസ് പങ്കുവച്ചത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്.

Signature-ad

എന്നാല്‍, പോസ്റ്റ് വന്നതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അര്‍ബന്‍ നക്‌സലുകളോ ആണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. ദേശീയനേതാക്കളെ അപമാനിക്കുന്നത് തുടരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മാര്‍പാപ്പയേയും ക്രിസ്ത്യന്‍ സമൂഹത്തേയും പരിഹസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ എക്‌സില്‍ പ്രതികരിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ട്രോളാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വിഷയത്തില്‍ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി ഐടി സെല്‍ ചുമതല വഹിക്കുന്ന അമിത് മാളവ്യയും ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് വിശദീകരണം നല്‍കിയത്. ഒരു മതത്തേയും മതപുരോഹിതന്മാരെയും ആരാധനാമൂര്‍ത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച് സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വിശദീകരണത്തില്‍ പറയുന്നു.

”ക്രിസ്തുമത വിശ്വാസികള്‍ ദൈവതുല്യനായി കാണുന്ന മാര്‍പാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും ഉണ്ടാകില്ല. എന്നാല്‍, സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്ര മോദിയെ പരിഹസിക്കാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമില്ല.” പോസ്റ്റ് പിന്‍വലിച്ചുള്ള വിശദീകരണത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു.

Back to top button
error: