CrimeNEWS

മദ്യലഹരിയിൽ കുട്ടുകാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ, സംഭവം ബാലരാമപുരത്ത്

    മദ്യപാനം അനുദിനം സൃഷ്ടിക്കുന്ന വിപത്തുകൾക്ക് എണ്ണമില്ല. കഴിഞ്ഞ ദിവസം ഇടുക്കിയിലെ മാങ്കുളത്ത് ബിബിൻ എന്ന യുവാവ് സ്വന്തം പിതാവിനെ തലയ്ക്കടിച്ചു വീഴ്ത്തി തീ കൊളുത്തി കൊലപ്പെടുത്തിയത് മദ്യലഹരിയിലാണ്. ഇന്നലെ (ഞായർ) തിരുവനന്തപുരം  ബാലരാമപുരത്ത് ഉറ്റ സുഹൃത്തിനെ വീട്ടിൽനിന്നു വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതും മദ്യ ലഹരിയിൽ തന്നെ. ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻവീട്ടിൽ ബിജു(40)വിനെയാണ് ഉറ്റ സുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാർ(40) കൊലപ്പെടുത്തിയത്. കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ബിജുവിന്റെ വീടിനു സമീപത്തുവച്ചാണ് കൊലപാതകം നടന്നത്. ബിജുവും കുമാറും രാവിലെ മുതൽ ഉച്ചവരെ ഒരുമിച്ച് മദ്യപിച്ചു. പിന്നീട് ഇരുവരും വീടുകളിലേക്കു പോയി. വൈകീട്ട് 5 മണിയോടെ ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു. പലതവണ വിളിച്ചിട്ടും ബിജു ഫോണെടുത്തില്ല.

Signature-ad

കുമാർ തുടർച്ചയായി ബിജുവിനെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. ഈ സമയത്താണ്‌ ബിജു വീട്ടിൽ നിന്നിറങ്ങിയത്. വീടിനു പുറത്തെത്തിയപ്പോൾ കുമാർ അവിടെ ബൈക്കിൽ കാത്തുനിൽക്കുകയായിരുന്നു. ബിജു അടുത്തേക്ക്‌ എത്തിയതോടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയും നെഞ്ചിൽ കുത്തുകയുമായിരുന്നു.

ബിജുവിന്റെ നിലവിളികേട്ട് ഭാര്യ മഞ്ജു ഓടിയെത്തിയപ്പോഴേയ്ക്കും വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടുന്നതാണ്‌ കണ്ടത്‌. ഉടൻതന്നെ നിലത്തുവീഴുകയും ചെയ്തു. പെട്ടെന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മരിച്ച ബിജുവും കൊലപാതകം ചെയ്ത കുമാറും കൂലിപ്പണിക്കാരാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതു പതിവാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഇവരുടെയും കൂടെ മദ്യപിക്കാൻ മറ്റു രണ്ടുപേരും കൂടി ഉണ്ടായിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാവിലെയുള്ള മദ്യപാനത്തിലുണ്ടായ തർക്കമാകാം കൊലപാതക കാരണമെന്നാണ് നിഗമനം. അച്ചു, അശ്വതി എന്നിവരാണ് ബിജുവിന്റെ മക്കൾ. വിഷ്ണു മരുമകനാണ്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: