കൊച്ചി: കെനിയന്‍ പൗരനില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന കെക്കെയ്ന്‍ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ന്‍ ഗുളികരൂപത്തില്‍ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിന്‍ പിടികൂടുന്നത്.
ട്രോളി ബാഗിനടിയില്‍ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതല്‍ പിടിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയില്‍ വന്നിറങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാന്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ആഗമനലക്ഷ്യം, വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദേശം.
കെനിയന്‍ സ്വദേശി കരഞ്ച മൈക്കിള്‍ നംഗയാണ് കൊച്ചിയില്‍ പിടിയിലായത്. ഈ മാസം 19-ന് എത്യോപ്യയില്‍നിന്ന് മസ്കറ്റ് വഴിയാണ് ഇയാള്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല തുടര്‍ന്ന് എക്സ്റേ പരിശോധന നടത്തുകയായിരുന്നു. അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളില്‍ നിന്ന് ഒരാഴ്ച കൊണ്ടാണ് ഗുളികരൂപത്തിലാക്കിയ കൊക്കെയ്ന്‍ പുറത്തെടുത്തത്. 50 കൊക്കെയ്ന്‍ ഗുളികകളാണ് ഇയാളുടെ വയറ്റിലുണ്ടായത്. 85 ശതമാനം പരിശുദ്ധമായ കൊക്കയിനാണിത്. ഇതില്‍ മറ്റു ചേരുവകള്‍ ചേര്‍ത്താണ് വിപണിയില്‍ വിറ്റഴിക്കുന്നത്.