കോട്ടയം: പെട്രോള്‍ പമ്പിലെ ഗൂഗിള്‍ പേ പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി ബൈക്കിലെത്തിയ രണ്ടംഗസംഘം പമ്പ് ജീവനക്കാരനെയും വഴിയില്‍ നിന്ന മറ്റൊരാളെയും ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരന്‍ ലൂക്കോസ് (അപ്പച്ചന്‍-65), പ്രദേശവാസിയായ തലയോലപ്പറമ്പ് ഉമ്മാംകുന്ന് വള്ളിക്കുന്ന് കാലായില്‍ വി.പി.ഷാ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് വടകര സ്വദേശികളായ അജയ് സജി (24), ആഷിക് കെ.ബാബു (24) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ലൂക്കോസിനെ തള്ളി നിലത്തിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ലൂക്കോസിനെ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് എത്തിക്കുന്നതിനിടെ വീണ്ടും ബൈക്കിലെത്തിയ സംഘം തലയോലപ്പറമ്പ് മിനിസിവില്‍ സ്റ്റേഷന് സമീപം വാഹനം തടഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ ഷായെ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഷായുടെ പുറത്തും നെഞ്ചിലുമായി 11 തുന്നലുണ്ട്. ഇയാള്‍ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലൂക്കോസിനെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
സംഘത്തിലുണ്ടായിരുന്ന അജയ് സജി കഞ്ചാവ് കേസ് ഉള്‍പ്പടെ നാലോളം കേസുകളില്‍ പ്രതിയാണ്. ആഷിക്കിന്റെ പേരിലും കേസ് നിലവിലുണ്ടെന്ന് തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.