KeralaNEWS

സുഗന്ധഗിരി വനഭൂമിയിലെ മരംകൊള്ള; കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് (എപിസിസിഎഫ്) പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ്.

ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

പ്രതികളില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ ആര്‍ ജോണ്‍സണ്‍ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങള്‍ കരാറുകാരന് കാണിച്ചുകൊടുത്തത് പോലും വനംവകുപ്പ് ജീവനക്കാരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകള്‍ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നല്‍കി, കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ തടി കടത്തുന്നതിന് ഇടയാക്കി, യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇവരില്‍ കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെകെ ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സജി പ്രസാദ്, എംകെ വിനോദ് കുമാര്‍, വാച്ചര്‍മാരായ ജോണ്‍സണ്‍, ബാലന്‍ എന്നിവര്‍ നേരത്തേ സസ്പെന്‍ഷനിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: