KeralaNEWS

എക്‌സാലോജിക് ഇടപാടുകളില്‍ ഇ.ഡി പ്രാഥമികാന്വേഷണം; കുരുക്ക് കൂടുതല്‍ മുറുകുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐടി സര്‍വീസ് കമ്പനിയായ എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി.

ഇതേ കേസില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.

Signature-ad

കമ്പനി നിയമപ്രകാരം 10 ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വെളിപ്പെട്ടാല്‍ 10 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന 447ാം വകുപ്പ് ചുമത്താവുന്നതാണ്. ഈ വകുപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഇ.ഡിക്കും അന്വേഷണം നടത്താനുള്ള വഴി തുറക്കുന്നതാണ്. സാധാരണ കമ്പനി കേസുകളില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയാല്‍ അതു സംബന്ധിച്ച് മറ്റ് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണു ചട്ടം.

എന്നാല്‍, പ്രത്യേകിച്ച് ഐടി സേവനങ്ങളൊന്നും നല്‍കാതെ 12 സ്ഥാപനങ്ങള്‍ എക്‌സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലക്ഷങ്ങള്‍ നിക്ഷേപിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ 12 സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടിസ് നല്‍കി. ഇങ്ങനെ നല്‍കിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്കോ എന്തിനാണു തുക ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയതെന്നു വ്യക്തമാക്കാന്‍ എക്‌സാലോജിക് കമ്പനിക്കോ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണു കേസന്വേഷണത്തില്‍ ഇ.ഡിയെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ എസ്എഫ്‌ഐഒ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു നല്‍കിയത്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം.അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കേസില്‍ 447ാം വകുപ്പും ഉള്‍പ്പെടുത്തിയതോടെ അതിനുള്ള സാഹചര്യവും ഒരുങ്ങി.

രേഖകളില്‍ കൃത്രിമം നടത്തിയതിനുള്ള 448ാം വകുപ്പും എസ്എഫ്‌ഐഒ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ കേസില്‍ ആദ്യ അന്വേഷണം നടത്തിയ ബെംഗളൂരുവിലെ റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലും ഇ.ഡി അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നു.

 

Back to top button
error: