IndiaNEWS

കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണംതുടര്‍ന്ന് US; കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതു സംബന്ധിച്ചും പരാമര്‍ശം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ വീണ്ടും പ്രതികരിച്ച് യു.എസ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് പ്രചാരണം ബുദ്ധിമുട്ടിലായെന്ന കോണ്‍?ഗ്രസ് ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടി.

നേരത്തെ, ഇതേ വിഷയത്തില്‍ യു.എസ്. വിദേശകാര്യ വക്താവ് പ്രതികരിച്ചതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് വീണ്ടും നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റിലെ നിയമപ്രക്രിയ സുതാര്യവും സമയബന്ധിതവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് പ്രതികരിച്ചു.

Signature-ad

യു.എസിന്റെ ഇന്ത്യയിലെ മിഷന്‍ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ബുധനാഴ്ച പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ നിയമനടപടികളെക്കുറിച്ചുള്ള യു.എസ്. വക്താവിന്റെ പ്രതികരണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് മന്ത്രാലയം പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സമാനമായ അഭിപ്രായപ്രകടനം നടത്തിയപ്പോഴും ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

Back to top button
error: