ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന നടി കങ്കണ റണൗട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. സ്ഥാനാര്‍ഥി പട്ടികയില്‍ കങ്കണയുടെ പേര് ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കങ്കണയുടെ ചിത്രസഹിതം സുപ്രിയ ശ്രീനേതിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് വിവാദത്തിലായത്. പിന്നാലെ സുപ്രിയ ശ്രീനേതിന് മറുപടിയുമായി കങ്കണ രംഗത്ത് വന്നു. പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കങ്കണ മറുപടി നല്‍കിയത്.
എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ കങ്കണ നമ്മുടെ പെണ്‍കുട്ടികളെ മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും അവയവങ്ങളെക്കുറിച്ച് ജിഞ്ജാസപ്പെടുക എന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പഠിപ്പിക്കണമെന്നും പറഞ്ഞു. എക്സിലായിരുന്നു കങ്കണയുടെ പ്രതികരണം.
20 വര്‍ഷമായി ഒരു കലാകാരിയെന്ന നിലയില്‍ താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. നിഷ്കളങ്കയായ പെണ്‍കുട്ടിമുതല്‍ ചാരവൃത്തിനടത്തുന്ന സ്ത്രീയും ആരാധനകഥാപാത്രമായും നെഗറ്റീവ് കഥാപാത്രമായും വേശ്യ മുതല്‍ വിപ്ലവാത്മക നേതാവായും വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം താന്‍ അവതരിപ്പിച്ചിട്ടുണ്ട്. ലൈംഗിക തൊഴിലാളി ഉള്‍പ്പെടെ എല്ലാ സ്ത്രീകളും അന്തസ് അര്‍ഹിക്കുന്നുണ്ടെന്നും കങ്കണ എക്സില്‍ കുറിച്ചു.
വിവാദത്തിനു പിന്നാലെ സുപ്രിയ ശ്രീനേത് വിശദീകരണവുമായി രംഗത്തെത്തി. തന്റെ മെറ്റ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും. ഒരു സ്ത്രീക്കെതിരായ മോശം പോസ്റ്റ് അതില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടെന്നും എന്നാലത് നീക്കം ചെയ്തതായും ശ്രീനേത് എക്സില്‍ കുറിച്ചു. ഒരു സ്ത്രീയേയും താന്‍ അങ്ങിനെ പറയില്ലെന്ന് തന്നെ അറിയുന്ന എല്ലാവര്‍ക്കുമറിയാമെന്നും അവര്‍ പറഞ്ഞു. വിശദീകരണ വീഡിയോയും ശ്രീനേത് പങ്കുവക്കുകയുണ്ടായി.
എന്നാല്‍ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കയാണ് ബിജെപി. സുപ്രിയ ശ്രീനേതിനെതിരെ നടപടി വേണമെന്ന് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മിഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷന് കമ്മിഷന് കത്തയക്കുമെന്നും അറിയിച്ചിട്ടുണ്ട്.