തൃശ്ശൂര്‍: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നല്‍കിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ വികാരത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നല്‍കാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദി അറിയിച്ചു.
കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു രാമകൃഷ്ണന്‍ ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നു രാമകൃഷ്ണന്‍ അറിയിച്ചു.
നേരത്തേ, സത്യഭാമ കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ, ആര്‍എല്‍വി രാമകൃഷ്ണന്‍ അവിടെ പിഎച്ച്ഡി ചെയ്യാന്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചപ്പോള്‍ രാമകൃഷ്ണന്‍ പട്ടികജാതി കമ്മിഷനെ സമീപിച്ചിരുന്നു. പുറത്താക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സത്യഭാമ ഭരണസമിതിയില്‍നിന്നു രാജിവച്ചു. തൊട്ടുപിന്നാലെ അവരെ പുറത്താക്കിയതായി കലാമണ്ഡലം അറിയിക്കുകയുമുണ്ടായി.