കോട്ടയം: എം.പി എന്ന നിലയില്‍ എ പ്ലസ് കൊടുക്കാന്‍ പറ്റുന്ന പ്രവര്‍ത്തനമാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തോമസ് ചാഴികാടന് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്. പാര്‍ലമെന്ററി ജനാധിപത്യ വേദികളില്‍ എം.പിയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ്ക്ലബ്ബില്‍ തോമസ് ചാഴികാടന് എം.പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍രേഖയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജോസ് കെ.മാണി എം പി പറഞ്ഞു. ദേശീയ പദ്ധതികളടക്കം നേടാന്‍ അദ്ദേഹം ചെയ്ത കഠിനാധ്വാനം മാതൃകാപരമാണെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ എന്താണ് ഒരു എംപി എന്ന് തെളിയിക്കാന്‍ തോമസ് ചാഴികാടന് കഴിഞ്ഞുവെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു.
വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ 4,100 കോടി രൂപയുടെ വികസനമാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിനായി നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് മറുപടി പ്രസംഗത്തില്‍ തോമസ് ചാഴികാടന് പറഞ്ഞു. റെയില്‍വേ വികസനം 1000 കോടിയിലേക്ക് എത്തിക്കാനായി. ഗ്രാമീണ റോഡ് വികസനം മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് 35 ശതമാനം മുന്നിലെത്താനായി. എം പി ഫണ്ട് ഉപയോഗിച്ച് 282 പദ്ധതികള്‍ പൂര്‍ത്തികരിച്ചെന്നും എം പി വ്യക്തമാക്കി. വികസന രേഖ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനുവിനു നല്കി മന്ത്രി വി.എന്‍ വാസവന് പ്രകാശനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസ്സല്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.






