കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്റെ കൊലപാതകത്തില്‍ കീഴടങ്ങിയ ആള്‍ കുറ്റം സമ്മതിച്ചു. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് കുറ്റകൃത്യത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
ജീവനെടുക്കാന്‍ മാത്രമുള്ള വ്യക്തിവൈരാഗ്യം എന്തായിരുന്നുവെന്ന് അറിയില്ലെന്ന് കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല പറഞ്ഞു. അഭിലാഷ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. പാലിയേറ്റീവ് കെയറിന്റെ വാഹനത്തില്‍ ജോലി ചെയ്യവെ മദ്യപിച്ച് ജോലിചെയ്തതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്ന് കേള്‍ക്കുന്നുണ്ട്. കൂടുതല്‍ അറിയില്ല. ജീവനെടുക്കേണ്ടുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനവും സത്യനാഥന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും കാനത്തില്‍ ജമീല പറഞ്ഞു.
കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം 12 മണിയോടെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോവും. വൈകീട്ട് ഏഴിനാണ് സംസ്‌കാരം. മൂന്നു മുതല്‍ അഞ്ചുവരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാവും.
പെരുവട്ടൂരിനും മുത്താമ്പിക്കും ഇടയിലുള്ള ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിനിടയില്‍ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തില്‍നിന്ന് മാറി ഗാനമേള കേള്‍ക്കുന്നതിനിടെ അക്രമിയെത്തി പിറകിലൂടെ വെട്ടി വീഴ്ത്തുകയായിരുന്നു. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങള്‍ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊയിലാണ്ടി സി.ഐ. മെല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.