തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍, എക്സൈസിന് വ്യാജ വിവരം നല്‍കിയയാളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നാരായണദാസിന് നിര്‍ദ്ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.
ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എല്‍എസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയര്‍ന്നുവന്നത്. ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ്ക്കോടതികളില്‍നിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.