KeralaNEWS

റബറിന്റെ താങ്ങുവില 180 രൂപയാക്കി; കാര്‍ഷിക മേഖലയ്ക്ക് 1,698 കോടി നീക്കിവെച്ചു

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടിരൂപ ബജറ്റില്‍ വകയിരുത്തി. റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം നല്‍കി താങ്ങുവില 10 രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില 180 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 170 രൂപയായിരുന്നു താങ്ങുവില.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2,36,344 തൊഴില്‍ അവസരങ്ങളാണ് കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചതെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

Signature-ad

ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ചെറുകിട കര്‍ഷകര്‍, കാര്‍ഷികാധിഷ്ഠിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2365 കോടി രൂപ ഈ പദ്ധതിയിലൂടെ ചെലവിടും. സംസ്ഥാനവിഹിതം ഉള്‍പ്പടെ ഈ വര്‍ഷം 100 കോടി രൂപയാണ് ഇതിനായി മാറ്റിവെക്കുക. വിളപരിപാല മേഖലയ്ക്കായി 535.9 കോടി രൂപ മാറ്റിവെക്കും. നെല്ലുദ്പാദന പദ്ധതികള്‍ക്കായി 93.6 കോടി മാറ്റിവെച്ചു.വിഷരഹിത പച്ചക്കറിക്കായി 78.45 കോടി, നാളീകേര വികസന പദ്ധതിക്കായി 65 കോടി, സുഗന്ധ വ്യഞ്ജന കൃഷികള്‍ക്കായി 4.6 കോടി, ഫലവര്‍ഗ കൃഷികളുടെ വിസ്തൃതി വിപുലീകരിക്കുന്നതിന് 18.92 കോടി, വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി, വിള ആരോഗ്യപരിപാലന പരിപാടിക്ക് 13 കോടി, ഫാം യന്ത്രവത്കരണത്തിന് 16.95 കോടി, കുട്ടനാട്ടിലെ പെട്ടിയും പറയും സമ്പ്രദായത്തിന് പകരമുള്ള സംവിധാനത്തിന് 36 കോടി, കൃഷി ഉന്നതി യോജനയ്ക്ക് 77 കോടി, വിളവെടുപ്പിന് ശേഷമുള്ള മൂല്യവര്‍ധന പരിപാടികള്‍ക്കായി 8 കോടി, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പ് വരുത്തുന്നതിന് 43.9 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി, മണ്ണ്-ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി, ക്ഷീര വികസനത്തിനായി 180.25 കോടി, മത്സ്യബന്ധമേഖലയ്ക്ക് 227.12 കോടി രൂപയും നീക്കിവെക്കുന്നതായി ധനമന്ത്രി അറിയിച്ചു.

നാളികേര വികസനത്തിന് 65 കോടി രൂപ മാറ്റിവെച്ചെങ്കിലും താങ്ങുവില വര്‍ധിപ്പിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ നാളികേരത്തിന്റെ താങ്ങുവില 34 രൂപയാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

 

Back to top button
error: