CrimeNEWS

ഭാര്യയെപ്പേടിച്ച് എട്ടു വര്‍ഷത്തെ പ്രണയത്തിന് സുല്ലിട്ടു; 51 കാരനെതിരേ 40 കാരി കാമുകിയുടെ ആസിഡ് ആക്രമണം

അഹമ്മദാബാദ്: ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51 കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാല്‍പ്പതുകാരിയായ കാമുകി അറസ്റ്റില്‍. രണ്ടു കുട്ടികളുടെ അമ്മയും ജുഹാന്‍പുര സ്വദേശിനിയുമായ മെഹ്‌സാബിന്‍ ചുവാരയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. എട്ടു വര്‍ഷം നീണ്ട പ്രണയ ബന്ധത്തില്‍നിന്ന് രാകേഷ് പിന്‍മാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി.

മുന്‍പ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്‌സാബിന്‍. യാത്രയ്ക്കിടെയുള്ള പരിചയം വളര്‍ന്ന് പ്രണയത്തിലെത്തുകയായിരുന്നു. ഈ ബന്ധം എട്ടു വര്‍ഷത്തോളം നീണ്ടു. ഇവരുടെ രഹസ്യബന്ധത്തെക്കുറിച്ച് രാകേഷിന്റെ ഭാര്യ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതോടെ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ രാകേഷ് തീരുമാനിച്ചു. ഇതില്‍ കുപിതയായ മെഹ്‌സാബിന്‍ രാകേഷിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

Signature-ad

ശനിയാഴ്ച വൈകിട്ട് രാകേഷ് ജോലിസ്ഥലത്ത് ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് മെഹ്‌സാബിന്‍ അവിടെയെത്തി. ബന്ധം പിരിയാനുള്ള രാകേഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മെഹ്‌സാബിന്‍ അവിടെവച്ച് വഴക്കിട്ടു. ഇതിനിടെ പ്ലാസ്റ്റിക് ജാറില്‍ കൊണ്ടുവന്ന ആസിഡ് രാകേഷിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മുഖത്തും പുറത്തും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ രാകേഷ് ചികിത്സയിലാണ്.

 

 

Back to top button
error: