കയ്പ്പിന്റെ പ്രതിരൂപമാണ് ചെന്നിനായകം. ഒരു പക്ഷേ നമ്മളില്‍ പലരും ആദ്യമായ് രുചിച്ച കയ്പുരസവും അതിന്റേതുതന്നെയാണ്. മുലകുടി നിര്‍ത്താന്‍ സമ്മതിക്കാത്ത പല കുസൃതിക്കുടുക്കളുടെയും മുലകുടി അമ്മമാര്‍ നിര്‍ത്തിയിരുന്നത് മുലക്കണ്ണില്‍ ചെന്നിനായകം തേച്ചുകൊണ്ടാണ്. ഒരിക്കല്‍ രുചിച്ചാല്‍ ആജീവനാന്തകാലം ആ കയ്പ്പ് മറക്കില്ല. മുലയുള്ള പ്രദേശത്തേക്ക് പോലും പിന്നെ അവര്‍ തിരിഞ്ഞു നോക്കില്ല എന്നാണ് ശാസ്ത്രം.
എന്താണ് ചെന്നിനായകം ?
നമ്മുടെ ‘കറ്റാര്‍വാഴ’യുടെ ഇലയിലെ ജെല്ലില്നിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് തയ്യാര്‍ ചെയ്തെടുക്കുന്നതാണ് ‘ചെന്നിനായകം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇരുണ്ട നിറത്തില്‍, നല്ല കട്ടിക്കിരിക്കുന്ന ഇതിന് നേരിയ ഒരു തിളക്കവും കാണും. കുഞ്ഞുങ്ങളില്‍ മുലകുടി നിര്‍ത്താന്‍ വേണ്ടി കയ്പ്പെന്ന മട്ടില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ഈ വസ്തു വിരശല്യത്തിനും മലബന്ധത്തിനും ആര്‍ത്തവസംബന്ധിയായ പല അസുഖങ്ങള്‍ക്കുമുള്ള നാട്ടുമരുന്നാണ്.
ആയുര്‍വേദത്തിലെ പല ചൂര്‍ണങ്ങളിലും ലേപനങ്ങളിലും ചെന്നിനായകം ഉണ്ട്. കറ്റാര്‍വാഴ അഥവാ അലോവേരയാകട്ടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള പല ഉത്പന്നങ്ങളുടെയും ഭാഗവുമാണ്. അലോ ജെല്‍ മുറിവ്, പൊള്ളല്‍, ഫ്രോസ്റ്റ് ബൈറ്റ്, ചൊറി, മുഖക്കുരു, സോറിയാസിസ്, ഡ്രൈ സ്കിന്‍ തുടങ്ങി പലതിനുമുള്ള ആധുനിക വൈദ്യശാസ്ത്ര ലേപനങ്ങളുടെയും കൂട്ടാണ്. കറ്റാര്‍വാഴ നീര് ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതമായ കൊളസ്ട്രോള്‍, കുഴിനഖം എന്നിവയ്ക്ക് മരുന്നായി ഉപയോഗിച്ച് കാണാറുണ്ട്.ഇത് നല്ലൊരു ആന്റി ഓക്സിഡന്റാണ്. പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കുന്നതോടൊപ്പം ഇത് രോഗപ്രതിരോധ ശക്തിയും വര്‍ധിപ്പിക്കുന്നു. കുറഞ്ഞ ഡോസില്‍ ഈ ജെല്‍ ചിലയിനം യോഗര്‍ട്ട്, ബിവറേജ് ഡ്രിങ്ക്, ഡെസേര്‍ട്ടുകള്‍ എന്നിവയിലും ചേര്‍ക്കാറുണ്ട്.
അസ്ഫോഡെലേഷ്യേ എന്ന കുടുംബത്തില്‍ പെട്ട കള്ളിച്ചെടി പോലെ തോന്നിക്കുന്ന ഒരു ചെടിയായ കറ്റാര്‍വാഴയുടെ പേരില്‍ ‘വാഴ’ എന്നുണ്ടെങ്കിലും, അതിന് വാഴയുമായി കാര്യമായ ബന്ധമൊന്നും ഇല്ല. ഇലകളില്‍ സദാ ജലാംശം നിറഞ്ഞു നില്ക്കുന്ന പ്രകൃതമാണ് ഈ ചെടിക്കുള്ളത്.