
പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേൽക്കുകയും തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെയാണ് പൊന്നോമനയുടെ വേർപാടിന്റെ തീരാവേദനയിൽ കഴിയുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും ആശ്വാസം പകരാൻ മുഖ്യമന്ത്രിയെത്തിയത്. ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്താനുതകുന്നതാണ് ഈ സർക്കാർ തീരുമാനം.
മല്ലപ്പള്ളിയുള്ള ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി ആലിന്‍റെ വേർപാടിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു.
ഫെബ്രുവരി 5 ന് കോട്ടയത്ത് വച്ചുണ്ടായ കാറപകടത്തിലുണ്ടായ ആലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. അതേതുടർന്നാണ് മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും തീരുമാനിച്ചത്. ആ അസാധാരണ പ്രവൃത്തിയിലൂടെ ആലിൻ നാല് കുട്ടികൾക്ക് ജീവൻ നൽകി. ആലിന്റെ കരൾ, വൃക്കകൾ, കോർണിയകൾ, ഹൃദയ വാൽവുകൾ എന്നിവയാണ് ദാനം ചെയ്തത്. ഞായറാഴ്ചയായിരുന്നു ആലിന്റെ സംസ്ക്കാരം. പിഞ്ചോമനയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ നിരവധിപ്പേരാണ് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ വാലുമണ്ണിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ആലിനെ യാത്രയാക്കിയത്.






