Breaking NewsIndiaLead NewsNEWSNewsthen Specialpolitics

‘സോണിയ എന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു, രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ഇരുന്ന് വെട്ടി; അന്നു നീതി ലഭിച്ചില്ല, അത് അനുഗ്രഹമായി’: പാര്‍ട്ടി വിട്ടതിന്റെ കാരണം രാഹുല്‍ ഗാന്ധി; രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: 2014-ല്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന സോണിയ ഗാന്ധിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അട്ടിമറിച്ചെന്നു മുന്‍ കോണ്‍ഗ്രസ് നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയിക്കെതിരെ കലാപം ഉയര്‍ത്തുകയും 58 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുകയും ചെയ്ത സമയത്ത് സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ. തര്‍ക്കം പരിഹരിക്കാനായി നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അന്ന് അസമിലേക്ക് അയച്ചിരുന്നു.

‘ഖാര്‍ഗെ വന്നപ്പോള്‍ 58 എംഎല്‍എമാര്‍ എന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു, ചില മുതിര്‍ന്ന നേതാക്കള്‍ നിഷ്പക്ഷത പാലിച്ചു. 12 എംഎല്‍എമാര്‍ മാത്രമാണ് ഞാന്‍ മുഖ്യമന്ത്രിയാകരുത് എന്നും തരുണ്‍ ഗോഗോയി തുടരണമെന്നും പറഞ്ഞത്’

Signature-ad

‘സോണിയ ഗാന്ധി എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാന്‍ ആവശ്യപ്പെട്ടു. ജൂണ്‍ അവസാനവാരത്തിലെ അംബുബാച്ചി മേളയ്ക്ക് പിറ്റേന്ന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഞങ്ങള്‍ അറിഞ്ഞത്, അമേരിക്കയിലായിരുന്ന രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് തീരുമാനം മാറ്റിയെന്നാണ്’ ശര്‍മ്മ വെളിപ്പെടുത്തി. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ശര്‍മ്മയ്ക്കാണെന്ന് ഖാര്‍ഗെ പാര്‍ട്ടി നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

‘അന്ന് എനിക്ക് നീതി ലഭിച്ചില്ല, പക്ഷേ അത് സംഭവിക്കാത്തതില്‍ ഇന്ന് ഞാന്‍ അനുഗ്രഹീതനായി കരുതുന്നു. ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ അതൊരു തീരാകളങ്കമായി മാറുമായിരുന്നു. എനിക്ക് സനാതനികള്‍ക്കോ അസമിലെ ജനങ്ങള്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് കാരണമാണ് ഇന്ന് തനിക്ക് സനാതന ധര്‍മ്മത്തിനും അസമിനും വേണ്ടി ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ ചവിട്ടി ഗംഗയിലേക്ക് എറിഞ്ഞു. ദൈവം എനിക്ക് ശരിയായ വഴി കാണിച്ചുതന്നു, എന്റെ സങ്കടങ്ങള്‍ മറികടക്കാന്‍ സഹായിച്ചു’- ശര്‍മ്മ പറഞ്ഞു.

2015-ലാണ് ഹിമന്ത ബിശ്വ ശര്‍മ്മ ഏതാനും എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. 2016-ല്‍ അസമിലെ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ബിജെപി അവസാനിപ്പിച്ചു. സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരിലെ ഏറ്റവും ശക്തനായ മന്ത്രിയായി ശര്‍മ്മ മാറി. തുടര്‍ന്ന് 2021-ല്‍ ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ സോനോവാളിന് പകരം അദ്ദേഹം മുഖ്യമന്ത്രിയായി. ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി.

#DailyhuntMalayalam, #HimantaBiswaSarma, #RahulGandhi, #SoniaGandhi, #Congress, #BJP, #AssamPolitics, #IndianPolitics, #MallikarjunKharge, #BreakingNews, #PoliticalUpdates, #MalayalamNews, #അസം, #രാഷ്ട്രീയം, #വാർത്തകൾ, #ബിജെപി, #കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: