Breaking NewsBusinessLead NewsNEWSpoliticsWorld

ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾ പരാജയമടഞ്ഞാൽ ഉടൻ സൈനീക നീക്കമെന്ന പ്രസിഡൻ്റിൻ്റെ വാക്കുകളുടെ ആക്കം കൂട്ടി മധ്യേഷ്യയിൽ യുഎസ് വ്യോമ, നാവിക വിന്യാസം ശക്തമാക്കി. ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനുമുള്ള സൈനീക നടപടിയാണ്.

ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യയിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

Signature-ad

കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിച്ചു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ-സോഴ്സ് ഫ്ലൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം യുഎസ് കാർഗോ വിമാനങ്ങൾ എത്തിച്ചു.

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആഴ്ചകളായി ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കുകയാണ്. ഇറാനിൽ ഭരണമാറ്റം ‘സംഭവിക്കാവുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും’ എന്ന് വെള്ളിയാഴ്ചയും ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം വേണമെന്ന ട്രംപ് ഭരണകൂടത്തിൻ്റെ ഭീഷണിയും മേഖലയിലേക്കുള്ള സൈനിക വിന്യാസങ്ങളും മധ്യേഷ്യയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ജനീവയിൽ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രധാന്യമുണ്ട്. ഈ ചർച്ചകളിൽ താൻ ‘പരോക്ഷമായി’ പങ്കെടുക്കുമെന്ന് ട്രംപ് തിങ്കളാഴ്ച അറിയിച്ചു. യുഎസ് ഭാഗത്ത് നിന്ന് ട്രംപിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിൻ്റെ മരുമകൻ ജാരദ് കുഷ്നറും, ഇറാനിൽ നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് പ്രധാനമായും ചർച്ചയിൽ പങ്കെടുക്കുന്നത്.

ഇറാൻ തീരത്തോട് ചേർന്ന് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. അയ്യായിരത്തിലധികം സൈനികർ ഉള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ 35 എണ്ണം 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ ഒമാൻ തീരത്താണ് നിലവിൽ ഈ കപ്പലുള്ളതിന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിൽ 12 ഓളം യുഎസ് യുദ്ധ കപ്പലുകൾ വിന്യസിക്കപ്പെട്ട ബിബിസി പറയുന്നു. ഇതിനിടെ യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്.

ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെ തുടർന്ന് 2025 ജൂണിൽ ഇസ്രായേൽ ഇറാനെ ആക്രമിച്ചു. അന്ന് ഇറാൻ്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാൻ്റെ പക്കലുണ്ടെന്നാണ് ഐ.എ.ഐ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം. അതേസമയം, സിവിലിയൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമ്പുഷ്ടീകരണമേ നടത്തുന്നുള്ളൂവെന്നാണ് ഇറാൻ പറയുന്നത്. യു.എസ്. മധ്യസ്ഥതയിൽ റഷ്യയുടെയും യുക്രൈൻ്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയും ബുധനാഴ്ച ജനീവയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: